സംഗറെഡ്ഡി (തെലങ്കാന): വായ്‌പ തിരിച്ചടയ്ക്കാത്തതിന് പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ബാനര്‍ കെട്ടിയ ബാങ്കിന്‍റെ പ്രതികാര നടപടിയില്‍ മനം നൊന്ത് കര്‍ഷകനും കുടുംബവും നാട് വിട്ടു. സംഗറെഡ്ഡി ജില്ലയിലെ കന്‍സനിപ്പള്ളിയിലാണ് സംഭവം. ശങ്കര്‍ റെഡ്ഡി എന്ന കര്‍ഷകനാണ് ജില്ല സെന്‍ട്രല്‍ കോപ്പറേറ്റീവ് ബാങ്ക് (ഡിസിസിബി) അധികൃതരുടെ പ്രതികാര നടപടിക്ക് പിന്നാലെ നാട് വിട്ടത്.
ശങ്കർ റെഡ്ഡിക്ക് കന്‍സനിപ്പള്ളിയില്‍ 3.31 ഏക്കർ കൃഷിഭൂമിയുണ്ട്. 2012-13ൽ ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ച് ജോഗിപേട്ട ടൗണിലുള്ള ഡിസിസിബി ശാഖയിൽ നിന്ന് 60,000 രൂപ കാര്‍ഷിക വായ്‌പയെടുത്തു. എന്നാല്‍ കൃത്യമായ വിളവ് ലഭിക്കാത്തതിനാൽ വായ്‌പ തിരിച്ചടയ്ക്കാനായില്ല.
ബാങ്കിന്‍റെ പ്രതികാര നടപടി: ഒരു ലക്ഷം രൂപ വരെയുള്ള വായ്‌പകൾ എഴുതിത്തള്ളുമെന്ന് തെലങ്കാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ, രണ്ട് വർഷം മുമ്പ് 40,000 രൂപ ബാങ്കില്‍ തിരിച്ചടച്ചു. ഈ വര്‍ഷം 79,641 രൂപ പലിശ സഹിതം വായ്‌പ തിരിച്ചടയ്ക്കണമെന്ന് കാട്ടി ശങ്കര്‍ റെഡ്ഡിക്ക് ബാങ്ക് പലതവണ സമൻസ് അയച്ചു.
എന്നാല്‍ ശങ്കര്‍ റെഡ്ഡി വായ്‌പ തിരിച്ചടയ്ക്കാത്തതിനാൽ ഈ മാസം 23ന് കൃഷിഭൂമി ലേലം ചെയ്യുമെന്ന് കാട്ടി ബാങ്ക് നോട്ടീസ് അയച്ചു. പഞ്ചായത്ത് ഓഫിസില്‍ ഭൂമി ലേലത്തിന് എന്ന ബാനറും കെട്ടി. തുടര്‍ന്ന് രണ്ട് ദിവസം മുന്‍പ് നാട് വിട്ട ശങ്കര്‍ റെഡ്ഡി ഇസ്‌നാപൂരിലേക്ക് പോകുകയായിരുന്നു.
'ബാങ്ക് ഉദ്യോഗസ്ഥരുടെ പ്രവൃത്തി മൂലം എനിക്ക് ഇനി ആരും കടം തരില്ല. കുടുംബം പുലര്‍ത്താന്‍ എനിക്ക് മറ്റ് എന്തെങ്കിലും ജോലി ചെയ്യണം. കൃഷിയില്‍ നിന്ന് പണമുണ്ടാക്കാനായില്ല. എന്‍റെ കൃഷിഭൂമി പോലും ഇപ്പോള്‍ ലേലം ചെയ്യാൻ പോകുന്നു. അതുകൊണ്ടാണ് ഇസ്‌നാപൂരിൽ വന്നത്. ഇവിടെ ഒരു ഫാക്‌ടറിയില്‍ ജോലി ചെയ്യും,' ശങ്കർ റെഡ്ഡി പറഞ്ഞു.