ഹൈദരാബാദ്: ഭൂമി കൈയേറ്റം സംബന്ധിച്ച് മന്ത്രി ഇ രാജേന്ദ്രനെതിരെ ജില്ല കലക്‌ടറുടെ റിപ്പോർട്ടിനെ തുടർന്ന് നടപടിയെടുത്ത് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. ഇ രാജേന്ദ്രനെ മന്ത്രിസഭയിൽ നിന്ന് മുഖ്യമന്ത്രി നീക്കം ചെയ്‌തു. രാജ്‌ഭവനാണ് ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. മേദക്ക് ജില്ല കലക്‌ടർ മന്ത്രിയുടെ അനധികൃത നടപടിയെ സംബന്ധിച്ച് കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി സോമേഷ് കുമാറിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
രാജേന്ദ്രന്‍റെ ഉടമസ്ഥതയിലുള്ള ഭൂമിയോട് ചേർന്ന് കിടക്കുന്ന അച്ചാംപേട്ട്, ഹക്കിംപേട്ട് ഗ്രാമങ്ങളിലെ 66 ഏക്കർ സ്ഥലം മന്ത്രി കൈയേറ്റം ചെയ്‌തെന്ന് റിപ്പോർട്ടിൽ പറയുന്നു. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് ജില്ല കലക്‌ടർ റിപ്പോർട്ട് തയ്യാറാക്കിയത്. പ്രദേശത്തെ കർഷകർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.