ഹൈദരാബാദ് : കൃഷ്‌ണ നദിയിലെ ജല വിതരണവുമായി ബന്ധപ്പെട്ട് തെലങ്കാന, ആന്ധ്രാപ്രദേശ് സര്‍ക്കാരുകള്‍ തമ്മില്‍ പോര് മുറുകുന്നു. കൃഷ്‌ണ നദിയില്‍ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ നടപ്പാക്കുന്ന ജലസേചന പദ്ധതികള്‍ അനധികൃതമാണെന്ന് തെലങ്കാന ആരോപിച്ചു. നദിയില്‍ കൂടുതല്‍ ജലസേചന പദ്ധതികള്‍ നടപ്പാക്കുമെന്നും തെലങ്കാന സര്‍ക്കാര്‍ അറിയിച്ചു.
ദേശീയ ഹരിത ട്രൈബ്യൂണലും കേന്ദ്ര സര്‍ക്കാരും നൽകിയ നിർദേശങ്ങൾ ആന്ധ്രാപ്രദേശ് കണക്കിലെടുക്കുന്നില്ല. റായല്‍സീമ ലിഫ്റ്റ് ജലസേചന പദ്ധതിയും രാജോളി ബന്ദാ വഴിതിരിച്ചുവിടൽ പദ്ധതിയുടെ ഭാഗമായി വലത് കനാലും അനധികൃതമായി നിര്‍മിക്കാനുള്ള ആന്ധ്രാപ്രദേശ് സര്‍ക്കാരിന്‍റെ തീരുമാനത്തെ ശക്തമായി അപലപിയ്ക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.
Read more: ആന്ധ്രാ പ്രദേശിന്‍റെ പുതിയ ജലസേചന പദ്ധതിക്കെതിരെ തെലങ്കാന സർക്കാർ
ആന്ധ്രയ്ക്ക് മറുപടി
ആന്ധ്രാപ്രദേശിന്‍റെ അനധികൃത പദ്ധതികള്‍ കുടിവെള്ളക്ഷാമം രൂക്ഷമായ നേരിടുന്ന പാലാമുരു, രംഗറെഡ്ഡി, നൽഗൊണ്ട, ഖമ്മം, വാറങ്കൽ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള ജലവിതരണത്തെ ബാധിക്കുമെന്ന് പ്രസ്‌താവനയില്‍ പറയുന്നു.
ആന്ധ്രയ്ക്ക് മറുപടിയായി കൃഷ്‌ണ നദിയില്‍ കൂടുതല്‍ ജലസേചന പദ്ധതികള്‍ നടപ്പാക്കാനാണ് മന്ത്രിസഭ തീരുമാനം. പാലാമുരു രംഗറെഡ്ഡി ലിഫ്റ്റ് ജലസേചന പദ്ധതിയ്ക്ക് കീഴിൽ ആലമ്പൂർ പ്രദേശത്ത് ജോഗുലമ്പ ബാരേജ് നിർമ്മിക്കും.
പുളിചിന്തല ഇടത് കനാൽ നിർമിച്ച് സൂര്യപേട്ട ജില്ലകളിലെ നൽഗൊണ്ടയിൽ 2 ലക്ഷം ഏക്കറിൽ വെള്ളമെത്തിക്കുമെന്നും തെലങ്കാന സര്‍ക്കാര്‍ അറിയിച്ചു.
നിയമവഴി തേടി തെലങ്കാന
ആന്ധ്രാപ്രദേശിന്‍റെ ഈ അനധികൃത പദ്ധതികള്‍ സംബന്ധിച്ച് ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചിട്ടുണ്ടെന്നും സുപ്രീം കോടതിയിൽ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും തെലങ്കാന സർക്കാര്‍ വ്യക്തമാക്കി.
പദ്ധതികള്‍ മൂലം സംസ്ഥാനത്തെ ജലസേചന മേഖലയ്ക്ക് ഉണ്ടാകുന്ന കനത്ത നഷ്‌ടത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ പ്രചാരണം നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം കൃഷ്‌ണ നദിയില്‍ റായല്‍സീമ ലിഫ്റ്റ് ജലസേചന പദ്ധതി നടപ്പാക്കാനുള്ള ആന്ധ്രാപ്രദേശിന്‍റെ തീരുമാനത്തെ തുടര്‍ന്നാണ് ഇരു സംസ്ഥാനങ്ങള്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്.
ആന്ധ്രയുടെ പദ്ധതികള്‍ കൃഷ്‌ണ നദിയില്‍ നിന്ന് കൂടുതല്‍ വിഹിതം വെള്ളം എടുക്കാനുള്ള നീക്കമാണെന്നും ആന്ധ്ര സര്‍ക്കാരിന്‍റേത് ഏകപക്ഷീയമായ തീരുമാനമാണെന്നും തെലങ്കാന ആരോപിച്ചിരുന്നു.