ഹൈദരാബാദ് : ജൂബിലി ഹില്‍സിലെ പബ്ബില്‍ പാര്‍ട്ടി കഴിഞ്ഞിറങ്ങിയ യുവതിയ്‌ക്ക് നേരെ ലൈംഗികാതിക്രമം നടത്തി സുഹൃത്ത്. മെച്ചല്‍-മൽകാജ്‌ഗിരി ജില്ലയിലെ ബാച്ചുപള്ളിയിലാണ് സംഭവം. കൗമാരക്കാരി ആഡംബര കാറില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവം കഴിഞ്ഞ് ഒരു മാസം പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് നടുക്കുന്ന മറ്റൊരു സംഭവം.
സംഭവത്തെക്കുറിച്ച് പൊലീസ് : 13-ാം തിയതി വൈകിട്ട് ജൂബിലി ഹില്‍സിലെ പബ്ബില്‍ പിറന്നാൾ ആഘോഷത്തിനായി സുഹൃത്തുക്കള്‍ക്കൊപ്പം യുവതി ഒത്തുകൂടി. പാർട്ടി കഴിഞ്ഞ ശേഷം രാത്രി 11 മണിയ്‌ക്ക് റോഷൻ, യുവതിയെ വാഹനത്തില്‍ വീട്ടില്‍ കൊണ്ടുവിടാമെന്ന് വാഗ്‌ദാനം നല്‍കി. തുടര്‍ന്ന്, ഇയാളുടെ സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി 11.30 ന് പെണ്‍കുട്ടിയെ വീട്ടിൽ എത്തിച്ചു.
തുടർന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ യുവതി ഉറങ്ങാൻ കിടന്നു. പിന്നാലെ, ഇയാള്‍ മടങ്ങിയെത്തി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. യുവതി ഉറക്കെ നിലവിളിച്ചതോടെ സമീപവാസികൾ എത്തുകയും റോഷൻ ഓടി രക്ഷപ്പെടുകയുമായിരുന്നു. സംഭവത്തിൽ കേസെടുത്ത ബാച്ചുപള്ളി പൊലീസ് പ്രതിയ്‌ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.
ജൂബിലി ഹില്‍സിലെ പബ്ബില്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ പങ്കെടുത്തശേഷം വീട്ടിലേക്ക് പോകുന്നതിനിടെ മെയ് 28 നാണ് കൗമാരക്കാരി കൂട്ട ബലാത്സംഗത്തിന് ഇരയായത്. മെയ് 31 ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയുണ്ടായി. തുടര്‍ന്ന്, കുട്ടികള്‍ക്കെതിരായി ലൈംഗിക അതിക്രമം തടയല്‍ ലക്ഷ്യമിട്ടുള്ള പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തി പ്രതികളെ അറസ്റ്റ് ചെയ്‌തു. പിടിയിലായവരില്‍ ഒരാളൊഴികെയുള്ളവര്‍ കൗമാരക്കാരായിരുന്നു.