ഹൈദരാബാദ്: കശ്മീരിൽ തീവ്രവാദികളുമായുള്ള വെടിവയ്പിൽ കൊല്ലപ്പെട്ട കരസേന ജവാൻ റിയാഡ മഹേഷിന്‍റെ കുടുംബത്തിന് തെലങ്കാന സർക്കാർ അമ്പത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. യോഗ്യതയുടെ അടിസ്ഥാനത്തിൽ കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്നും മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു അറിയിച്ചു. മഹേഷിന്‍റെ കുടുംബത്തിന് ഒരു വീടിനുള്ള സ്ഥലം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
അതിർത്തിയിൽ നടന്ന വെടിവയ്പിൽ നിസാമാബാദ് ജില്ലയിൽ നിന്നുള്ള ആർമി ജവാന്‍റെ വീരമൃത്യുവില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച മഹേഷിനെ ചരിത്രത്തിൽ സ്മരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിസാമാബാദ് ജില്ലയിലെ വേൽപൂർ മണ്ഡലിലെ കോമൻപള്ളി ഗ്രാമവാസിയായ റിയാഡ മഹേഷ് ജമ്മു കശ്മീരിൽ നടന്ന ഭീകരവിരുദ്ധ പ്രവർത്തനത്തിനിടെയാണ് കൊല്ലപ്പെട്ടത്. കര്‍ഷക കുടുംബത്തില്‍ ജനിച്ച അദ്ദേഹം അഞ്ച് വര്‍ഷം മുന്‍പാണ് സൈന്യത്തില്‍ ചേര്‍ന്നത്.