ഹൈദരാബാദ്: തെലങ്കാനയിലെ രണ്ട് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കും അഞ്ച് മുനിസിപ്പാലിറ്റികളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ 30ന് നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 248 വാർഡുകളിലായി മൊത്തം 11,26,221 വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്താൻ അർഹതയുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ സി. പാർഥസാരഥി അറിയിച്ചു.
ഗ്രേറ്റർ വാറങ്കൽ മുനിസിപ്പൽ കോർപ്പറേഷനിലെ 66 വാർഡുകളും ഖമ്മം മുനിസിപ്പൽ കോർപ്പറേഷനിലെ 60 വാർഡുകളിലും തെരഞ്ഞെടുപ്പ് നടക്കും. അഞ്ച് മുനിസിപ്പാലിറ്റികളിൽ 43 വാർഡുകളുള്ള സിദ്ദിപേട്ടാണ് ഏറ്റവും വലിയ മുനിസിപ്പാലിറ്റി. 12 വാർഡുകളുള്ള കോത്തൂറാണ് ഏറ്റവും ചെറുത്. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഒമ്പത് ഡിവിഷനുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും അതേ ദിവസം നടക്കും. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷന്‍റെ ഒരു ഡിവിഷൻ ഇതിൽ ഉൾപ്പെടുന്നുണ്ട്.
ഡിസംബറിൽ തെരഞ്ഞെടുപ്പിൽ ജയിച്ച ലിംഗോജിഗുഡ ഡിവിഷനിലെ ബിജെപി നേതാവ് മരണപ്പെടതിനെ തുടർന്നാണ് ജിഎച്ച്എംസിയിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. മൊത്തം 1,532 പോളിങ് സ്റ്റേഷനുകൾ ഉണ്ടാകും. വീഡിയോഗ്രാഫി, വെബ്‌കാസ്റ്റിംഗ് എന്നിവ പോളിങ് സ്റ്റേഷനുകളിൽ സജീകരിക്കും. 2,479 ബാലറ്റ് ബോക്സുകൾ വോട്ടെടുപ്പിനായി ഉപയോഗിക്കും. 9,000ത്തോളം പോളിങ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പിനായി നിയമിക്കും.
ഏപ്രിൽ 16 മുതൽ ഏപ്രിൽ 18 വരെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ പരിശോധന ഏപ്രിൽ 19ന് നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ 20ആണ്.
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സുരക്ഷാ ഉദ്യോഗസ്ഥർ ഒഴികെ സ്ഥാനാർഥി ഉൾപ്പെടെ അഞ്ച് പേരുടെ ഒരു സംഘത്തെ മാത്രമേ വീടുകൾ തോറുമുള്ള പ്രചാരണത്തിന് അനുവദിക്കൂ. സുരക്ഷാ വാഹനങ്ങൾ ഒഴികെ രണ്ട് വാഹനങ്ങൾക്കും അനുമതിയുണ്ട്. ഏപ്രിൽ 30ന് രാവിലെ ഏഴ് മണിമുതൽ വൈകിട്ട് അഞ്ചു വരെയാണ് പോളിങ്. വോട്ടെണ്ണൽ മെയ് മൂന്നിന് നടക്കും.