ഹൈദരാബാദ്: യുകെയിൽ നിന്ന് ഹൈദരാബാദിലെത്തിയ യാത്രക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പബ്ലിക് ഹെൽത്ത് സ്റ്റേറ്റ് ഡയറക്ടർ ജി. ശ്രീനിവാസ റാവു പറഞ്ഞു. ഡിസംബർ 15 മുതൽ യാത്രക്കാർ എത്തിയിരുന്നു. അവരെ തിരിച്ചറിയാനുള്ള നടപടികൾ ആരംഭിച്ചു. 358 യാത്രക്കാരിൽ 158 പേരെ കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ളവരെ എത്രയും വേഗം തിരിച്ചറിയും. കണ്ടെത്തിയയുടൻ പരിശോധനകൾ നടത്തും. വൈറസിന്‍റെ പുതിയ വകഭേദം സംബന്ധിച്ച് പൊതുജനാരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം സർക്കാർ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ (എസ്ഒപി) പ്രകാരം, കഴിഞ്ഞ രണ്ടാഴ്ചയായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിയ എല്ലാവരേയും ട്രാക്ക് ചെയ്യുകയും നിരീക്ഷണത്തിലാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. യാത്രക്കാർക്ക് സ്വയം ട്രാക്ക് ചെയ്യുന്നതിനായി ഒരു ഹെൽപ്പ് ലൈൻ നമ്പർ (040-2465199) സംസ്ഥാന സർക്കാർ രൂപീകരിച്ചിട്ടുണ്ടെന്നും വിവിധ രാജ്യങ്ങളിൽ നിന്ന് യാത്ര ചെയ്തവരോട് പരിശേധനയ്ക്ക് വിധേയരാകാനും സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കാനും ശ്രീനിവാസ റാവു അഭ്യർഥിച്ചു.
മഹാരാഷ്ട്ര, തമിഴ്‌നാട്, ന്യൂഡൽഹി, കർണാടക, പഞ്ചാബ് എന്നിവയുൾപ്പെടെ രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലും സമാനമായ മുൻകരുതലുകൾ നടപടികൾ സ്വീകരിക്കുന്നുണ്ട്. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം യുകെയിൽ നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ വിമാനങ്ങളും ഡിസംബർ 22 മുതൽ ഡിസംബർ 31 വരെ താൽക്കാലികമായി നിർത്തിവച്ചു.