വാരാണസി: ലാലു പ്രസാദ് യാദവിന്‍റെ മൂത്ത മകനും ബിഹാർ മന്ത്രിയുമായ തേജ് പ്രതാപ് യാദവിന്‍റെ ജീവനക്കാരുടെ ബാഗുകള്‍ വലിച്ചെറിഞ്ഞ് ഹോട്ടല്‍ അധികൃതര്‍. തേജ് പ്രതാപിന്‍റെ ഉത്തർ പ്രദേശ് സന്ദര്‍ശനത്തിനിടെയാണ് സംഭവം. തേജിനെ ഹോട്ടലിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നും തങ്ങളെ മാത്രമാണ് റൂം വെക്കേറ്റ് ചെയ്യുന്നതിന് മുന്‍പ് ഇറക്കിവിട്ടതെന്നും അദ്ദേഹത്തിന്‍റെ പേഴ്‌സണൽ സ്റ്റാഫ് അംഗം ഇടിവി ഭാരത് പ്രതിനിധിയോട് പറഞ്ഞു.
തേജ് പ്രതാപ് യാദവിനെ അറിയിക്കാതെയാണ് അദ്ദേഹത്തിന്‍റെ ജീവനക്കാരുടെ മുറി ഒഴിപ്പിച്ചത്. ഇത് അന്യായമായ കാര്യമാണെന്നും ഇതേക്കുറിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും തേജ് പ്രതാപ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. വാരാണസി കാശി സന്ദർശനത്തിന് വെള്ളിയാഴ്‌ച (ഏപ്രില്‍ ഏഴ്) ഉച്ചയ്‌ക്കെത്തിയ തേജ് പ്രതാപ് യാദവ് രാത്രി വൈകിയാണ് പ്രദേശത്തെ ഹോട്ടല്‍ റൂമെടുത്ത് താമസിച്ചത്.
സിഗ്ര പൊലീസ് കേസെടുത്തു: തേജ് പ്രതാപ് രാത്രി സമയത്ത് പൂജയ്ക്കായി ക്ഷേത്രത്തില്‍ പോയപ്പോഴാണ് സംഭവം. ഹോട്ടലിൽ തിരിച്ചെത്തിയപ്പോൾ ജീവനക്കാരുടെ റൂം ഒഴിപ്പിക്കുകയും സാധനങ്ങൾ പുറത്തെറിഞ്ഞ നിലയിലുമായിരുന്നു. തേജ് പ്രതാപ് യാദവ് താമസിച്ചിരുന്ന മുറിയോട് ചേർന്നുള്ള റൂമിലാണ് പ്രൈവറ്റ് സ്റ്റാഫുകള്‍ താമസിച്ചത്. രാത്രിയില്‍ തേജ് ജീവനക്കാരുമായി ഹോട്ടലിലെത്തുകയും മുറി തുറന്ന ശേഷം സാധനങ്ങള്‍ ഇവിടേക്ക് തിരിച്ചുവയ്‌ക്കുകയും ചെയ്‌തു.
സംഭവം, ഗുരുതരമായ വീഴ്‌ചയാണെന്ന് അദ്ദേഹത്തിന്‍റെ പേഴ്‌സണൽ അസിസ്റ്റന്‍റ് ആരോപിച്ചു. സംഭവത്തില്‍, സിഗ്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഇതില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തിന് ശേഷം നടപടിയെടുക്കുമെന്നും സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ പറയുന്നു. അതേസമയം, തേജ് പ്രതാപ് യാദവ് ഇപ്പോഴും വാരാണസിയിൽ തന്നെയുണ്ട്.