ജഹാനാബാദ് (ബിഹാര്‍): ഫുട്‌ബോള്‍ മത്സരത്തെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനിടെ കൗമാരക്കാരന്‍ വെടിയേറ്റ് മരിച്ചു. റിതേഷ് കുമാര്‍ എന്ന 15കാരനാണ് ലല്ലു കുമാര്‍ എന്ന ആണ്‍കുട്ടിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ബിഹാറിലെ ജഹാനാബാദ് ജില്ലയിലെ ഘോസി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മഹാരാജ്‌ഗഞ്ച് ഗ്രാമത്തില്‍ ഇന്നലെ (ജൂലൈ 25) ആയിരുന്നു സംഭവം.
വെടിയേറ്റതിന് പിന്നാലെ റിതേഷ് കുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രതിയായ കൗമാരക്കാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
സംഭവം ഇങ്ങനെ: മഹാരാജ്‌ഗഞ്ചില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിനിടെ ലല്ലുവും റിതേഷും തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടെ ലല്ലു തന്‍റെ പാന്‍റ്‌സിന്‍റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന പിസ്റ്റള്‍ എടുത്ത് റിതേഷിന് നേരെ വെടുയുതിര്‍ക്കുകയായിരുന്നു. റിതേഷിന്‍റെ തലയ്‌ക്കാണ് വെടിയേറ്റത്.
സംഭവം നാട്ടുകാര്‍ റിതേഷിന്‍റെ വീട്ടുകാരെ അറിയിക്കുകയും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയും ചെയ്‌തു. എന്നാല്‍ നില വഷളായതിനെ തുടര്‍ന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് റിതേഷിനെ സദര്‍ ആശുപത്രിയിലേക്ക് മാറ്റി. സദര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് റിതേഷ് മരണത്തിന് കീഴടങ്ങിയത്.
ഇതിനിടെ നാട്ടുകാര്‍ ലല്ലുവിനെ പിടികൂടുകയും പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്‌തിരുന്നു. പൊലീസ് സംഭവ സ്ഥലത്തെത്തി ലല്ലുവിനെ കസ്റ്റഡിയില്‍ എടുത്തു. സംഭവത്തിൽ പൊലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
വിശദമായ അന്വേഷണത്തിന് ശേഷമേ സംഭവത്തിന്‍റെ കാരണം വ്യക്തമാകൂവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്‌തു വരികയാണെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.
സംഭവത്തെ കുറിച്ച് ഒന്നും അറിയില്ലെന്നും റിതേഷിന്‍റെ നെറ്റിയിൽ വെടിയേറ്റുവെന്നാണ് വിവരം ലഭിച്ചതെന്നും റിതേഷിന്‍റെ സഹോദരന്‍ രാധേ ശ്യാം പറഞ്ഞു. സംഭവത്തിന്‍റെ കൃത്യമായ കാരണം വ്യക്തമല്ല. സംഭവം നടക്കുമ്പോൾ റിതേഷ് കളിക്കുകയായിരുന്നു. മഹാരാജ്‌ഗഞ്ച് ഗ്രാമത്തിൽ നിന്നുള്ള ലല്ലുകുമാർ മത്സരത്തിനിടെയാണ് സഹോദരനെ വെടിവച്ചതെന്നും രാധേ ശ്യാം പറഞ്ഞു.
ജൂലൈ 21ന് ബിഹാറിലെ മുസാഫർപൂരിൽ വ്യവസായിയെയും അദ്ദേഹത്തിന്‍റെ സുരക്ഷ ജീവനക്കാരനെയും വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. നാലംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. വ്യവസായിയായ അശുതോഷ് ഷാഹിയും അദ്ദേഹത്തിന്‍റെ സുരക്ഷ ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്.
ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു. രണ്ട് ബൈക്കുകളിലായി എത്തിയ അക്രമികളാണ് വെടിയുതിർത്തത്. കൊല്ലപ്പെട്ട വ്യവസായിക്ക് വസ്‌തു ഇടപാടുകളും ഉണ്ടായിരുന്നു. അതിനാല്‍ സ്വത്ത് തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ ജൂണ്‍ 18ന് ഡല്‍ഹിയില്‍ സഹോദരിമാര്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ആർ കെ പുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അംബേദ്‌കർ ബസ്‌തി മേഖലയിലെ പിങ്കി (30), ജ്യോതി (29) എന്നിവരാണ് മരിച്ചത്. വെടിയേറ്റവരുടെ സഹോദരനെ തെരഞ്ഞാണ് അക്രമികൾ എത്തിയതെന്നും സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പൊലീസ് നല്‍കിയ വിവരം.
Also Read: ഡൽഹിയിൽ സഹോദരിമാർ വെടിയേറ്റ് മരിച്ചു ; സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമെന്ന് പൊലീസ്