പാൽഘർ : മഹാരാഷ്‌ട്രയിലെ പാൽഘർ ജില്ലയിൽ 17 വയസുകാരൻ അമ്മയെ കൊലപ്പെടുത്തി (TEEN KILLS MOTHER). വസായ് ടൗൺഷിപ്പിലെ പരോൾ ഏരിയയിലെ താമസക്കാരിയായ സൊണാലി ഗോഗ്രയെയാണ് (35) ഇവരുടെ മകൻ കോടാലി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയത് (Teen Kills Mother In Palghar). യുവതി തന്‍റെ മൊബൈലിൽ നിരന്തരം രഹസ്യമായി മെസേജ് അയക്കുന്നതിൽ പ്രകോപിതനായാണ് മകൻ കൊലപാതകം നടത്തിയത്. ഞായറാഴ്‌ച രാത്രിയായിരുന്നു സംഭവം.
കൊല്ലപ്പെട്ട സൊണാലി ഗോഗ്രയുടെ സ്വഭാവത്തിൽ മകന് സംശയം ഉണ്ടായിരുന്നെന്നും ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നെന്നും മാണ്ഡവി പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്‌ടർ അശോക് കാംബ്ലെ പറഞ്ഞു. ഇതിനിടെ ഞായറാഴ്‌ച അത്താഴം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ യുവതി മൊബൈൽ ഫോണിൽ ആർക്കോ സന്ദേശം അയക്കുന്നത് കണ്ട് കൗമാരക്കാരൻ അമ്മയോട് ദേഷ്യപ്പെട്ടു.
തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെടുകയും, പ്രകോപിതനായ കുട്ടി വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന കോടാലി ഉപയോഗിച്ച് സൊണാലിയെ മർദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവ സമയത്ത് വീട്ടിൽ മറ്റ് കുടുംബാംഗങ്ങൾ ഇല്ലായിരുന്നു. തുടർന്ന് യുവതിയുടെ നിലവിളി കേട്ട് അയൽവാസികൾ പൊലീസിൽ വിവരമറിയിക്കുകയും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവതിയെ ഭിവണ്ടി - ഇന്ദിരാഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ത്യൻ ശിക്ഷാനിയമം സെക്ഷൻ 302 (കൊലപാതകം) പ്രകാരമാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
മകളെ കൊലപ്പെടുത്തി പിതാവ് : ഇക്കഴിഞ്ഞ ഓഗസ്റ്റ് 20ന് തെലങ്കാനയിൽ ഭാര്യയോടുള്ള ദേഷ്യത്തിൽ 8 വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പിതാവിനെ പൊലീസ് പിടികൂടിയിരുന്നു. ആന്ധ്രാപ്രദേശ് വിജയവാഡയിലെ അജിത് സിങ് നഗർ സ്വദേശി കുന്ദേതി ചന്ദ്രശേഖറിനെയാണ് (40) പൊലീസ് പിടികൂടിയത്.
ഇയാളുടെ മകള്‍ എട്ട് വയസുകാരി മോക്ഷജയാണ് കൊല്ലപ്പെട്ടത്. അബ്‌ദുള്ളപർമേട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ചന്ദനനഗറില്‍ ശനിയാഴ്‌ചയാണ് (19 ഓഗസ്റ്റ്) കുറ്റകൃത്യം നടന്നത്. മൃതദേഹം ഉപേക്ഷിക്കാന്‍ പോകുന്നതിനിടെയാണ് ഇയാൾ പൊലീസിന്‍റെ പിടിയിലാകുന്നത്. പോകുന്ന വഴിക്ക് കാറിന്‍റെ ടയര്‍ പൊട്ടുകയും ഡിവൈഡറില്‍ ഇടിക്കുകയും ചെയ്‌തു.
തുടര്‍ന്ന് നാട്ടുകാര്‍ തടിച്ചുകൂടുകയും മൃതദേഹം ഇവരുടെ ശ്രദ്ധയില്‍ പെടുകയും ചെയ്‌തു. ഇതോടെ, പ്രദേശവാസികള്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു പ്രതിയുടെ പദ്ധതി.
കുന്ദേതി ചന്ദ്രശേഖറും ഭാര്യ ഹിമ ബിന്ദുവും ഐടി ജീവനക്കാരാണ്. ഹിമ ഒരു പ്രമുഖ ഐടി കമ്പനിയിൽ മാനേജരായി ജോലി ചെയ്യുകയായിരുന്നു. പ്രതിയായ ചന്ദ്രശേഖറും ഇതേ കമ്പനിയിൽ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ ജോലിക്ക് കയറി എട്ട് മാസം കഴിയുന്നതിന് മുന്‍പ് ചന്ദ്രശേഖറിന് തൊഴില്‍ നഷ്‌ടപ്പെട്ടു.
ഇത് ദമ്പതികളുടെ ബന്ധത്തിൽ വിള്ളൽ വീഴ്‌ത്തി. ഭാര്യ തന്നേക്കാൾ കൂടുതൽ സമ്പാദിക്കുന്നുണ്ടെന്നും ഉയർന്ന സ്ഥാനത്താണെന്നും മറ്റും പറഞ്ഞായിരുന്നു ഇയാള്‍ വഴക്കുണ്ടാക്കിയിരുന്നത്. പിന്നാലെ ഭാര്യ കുട്ടിയുമായി സ്വന്തം വീട്ടിലേക്ക് പോയി. ഇതിനിടെ സംഭവ ദിവസം കുട്ടിയെ ഇയാൾ കൂട്ടിക്കൊണ്ടുപോവുകയും വഴിയിൽ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു.