മുംബൈ : വിമാനത്തകരാറുകള്‍ സംബന്ധിച്ച് രാജ്യത്ത് ഈ വര്‍ഷം ജൂലൈ വരെ റിപ്പോർട്ടുചെയ്‌തത് 338 കേസുകൾ. ഇൻഡിഗോയുമായി ബന്ധപ്പെട്ട് മാത്രം 206 കേസുകളുള്ളതായും കേന്ദ്ര സിവില്‍ ഏവിയേഷന്‍ സഹമന്ത്രി വി.കെ സിംഗ് തിങ്കളാഴ്‌ച പാര്‍ലമെന്‍റിനെ അറിയിച്ചു. ടാറ്റ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുളള എയർ ഇന്ത്യയുമായി ബന്ധപ്പെട്ട് 49 സംഭവങ്ങളുണ്ട്. ടാറ്റയുടെ തന്നെ ബോയിങ് എയർ ബസുകൾക്കും തകരാർ നേരിട്ട വിവിധ സംഭവങ്ങളുണ്ടെന്ന് മന്ത്രി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സ്പൈസ് ജെറ്റ് വിമാനങ്ങള്‍ 21തവണ സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ടു. വിസ്‌താര വിമാനങ്ങള്‍ക്ക് 10 തവണയാണ് തകരാറുകള്‍ നേരിട്ടത്. ആകാശ എയർലൈനിന്‍റെ അക്കൗണ്ടില്‍ ഓഗസ്റ്റ് 7 വരെ 18 സാങ്കേതിക തകരാറുകളാണുള്ളത്. ഗോ ഫസ്റ്റ് എയർലൈനുകൾ മെയ് 3 മുതൽ സാങ്കേതിക തകരാറുകൾ കൊണ്ടും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണവും പറക്കൽ നിർത്തി വച്ചിരിക്കുകയുമാണ്.
തങ്ങളുടെ എട്ട് വിമാനങ്ങൾ സാങ്കേതിക തകരാറുകൾ നേരിടുന്നുണ്ടെന്ന് എയർ ഏഷ്യ അധിക്യതർ അറിയിക്കുന്നു. സാങ്കേതിക തകരാറുകളുമായി ബന്ധപ്പെട്ട 544 സംഭവങ്ങളാണ് 2021 മുതൽ 2022 വരെ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
വിമാനത്തിന്‍റെ നിർമ്മാണത്തിനായി ഉപയോഗിക്കുന്ന വസ്‌തുക്കളുടെ ഗുണമേന്മയില്ലായ്‌മയാണ് തകരാറുകൾക്ക് കാരണമെന്നും പറക്കലിന് തയ്യാറാക്കുന്നതിന് മുൻപ് ഇവ മതിയായ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കാൻ കമ്പനികൾ തയ്യാറാകണമെന്നും കേന്ദ്ര സിവിൽ ഏവിയേഷൻ സഹ മന്ത്രി വി.കെ സിംഗ് പറഞ്ഞു. രാജ്യസഭയിൽ ഇന്ദു ബാല ഗോസ്വാമിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
വിമാനത്തിന്‍റെ സുരക്ഷയ്‌ക്കായി പൈലറ്റ് എടുക്കുന്ന തീരുമാനങ്ങൾ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനെ ( ഡിജിസിഎ ) അറിയിക്കണം. എയർ ടേൺ ബാക്ക്,അബോർട്ട് ടേൺ ബാക്ക് എന്നിവ വിമാനത്തിന്‍റെയും യാത്രക്കാരുടെയും സുരക്ഷയ്‌ക്ക് വേണ്ടിയാണ്. ഇവ ഗുരുതരമായ അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നു.
also read : ഇൻഡിഗോ ജീവനക്കാരനിൽ നിന്നും മോശം പെരുമാറ്റം; പരാതിയുമായി ഗായിക മൈഥിലി താക്കൂർ
റെഗുലേറ്ററി വ്യവസ്ഥകൾ അനുസരിച്ച് വിമാനത്തിന്‍റെ പ്രവർത്തന സമയത്ത് നടക്കുന്ന എല്ലാ സംഭവങ്ങളും ഡിജിസിഎയെ അറിയിക്കേണ്ടതുണ്ട്. സാങ്കേതിക തകരാറുകളിൽ നടപടി എടുക്കേണ്ടതിന്‍റെ മുഴുവൻ ഉത്തരവാദിത്തവും എയർലൈൻ കമ്പനികൾക്കായിരിക്കും. എല്ലായ്‌പ്പോഴും പരിശോധനകളും രാത്രി നിരീക്ഷണവും ഉറപ്പാക്കാൻ ഡിജിസിഎയ്‌ക്ക് സംവിധാനമുണ്ട്. ഈ നടപടികൾ എയർലൈൻ കമ്പനികൾ പാലിക്കാതെ വന്നാൽ ഡിജിസിഎയ്ക്ക് കമ്പനികൾക്കെതിരെ നടപടിയെടുക്കാൻ അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞു.