ന്യൂഡൽഹി: പെഗാസസ് വിഷയത്തിൽ ടെക് പാനൽ പരിശോധിച്ച ഫോണുകളിൽ പെഗാസസ് സ്‌പൈവെയറിന്‍റെ സാന്നിധ്യം ഉണ്ടെന്നതിന് തെളിവില്ലെന്ന് സുപ്രീംകോടതി. സാങ്കേതിക സമിതിയുടെ റിപ്പോർട്ട് പരിഗണിച്ച് പാനൽ പരിശോധിച്ച 29 ഫോണുകളിൽ ഒന്നിലും പെഗാസസ് സ്‌പൈവെയറിന്‍റെ സാന്നിധ്യം തെളിയിക്കാൻ കഴിഞ്ഞില്ല. പെഗാസസ് വിഷയത്തിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.
എന്നാൽ, കേസുമായി ബന്ധപ്പെട്ട അഞ്ച് ഫോണുകളിൽ മാൽവെയർ കണ്ടെത്തിയെന്നും എന്നാൽ അത് പെഗാസസ് ചാര സോഫ്‌റ്റ്‌വെയർ ആണെന്നതിന് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ സമിതിയുടെ റിപ്പോർട്ടിൽ എന്തൊക്കെ വെളിപ്പെടുത്താം എന്ന് തീരുമാനിക്കുമെന്നും കോടതി വ്യക്തമാക്കി. മോദി സര്‍ക്കാരിനെ പിടിച്ചു കുലുക്കിയ പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ 2021 ഒക്‌ടോബറിലാണ് സ്വതന്ത്ര വിദഗ്‌ധ സമിതി രൂപീകരിച്ച് അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടത്.
2017ൽ ഇസ്രായേലുമായുള്ള രണ്ട് ബില്യൺ യുഎസ് ഡോളർ പ്രതിരോധ കരാറിന്‍റെ ഭാഗമായാണ് ഇന്ത്യ പെഗാസസ് സ്‌പൈവെയർ വാങ്ങിയതെന്ന് അവകാശപ്പെടുന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് വലിയ വിവാദത്തിന് കാരണമായിരുന്നു. പിന്നാലെ, കേന്ദ്രം നടത്തിയ ഒളിച്ചുകളി രാജ്യദ്രോഹത്തിന് തുല്യമായ നിയമവിരുദ്ധ പ്രവർത്തനമാണെന്ന് ആരോപിച്ച് പ്രതിപക്ഷവും രംഗത്തുവന്നിരുന്നു.
Also read: പെഗാസസ് ഇന്ത്യ വാങ്ങിയെന്ന റിപ്പോർട്ട്; ന്യൂയോർക്ക് ടൈംസിന് ലീഗൽ നോട്ടിസ്