ബെംഗളൂരു: ദക്ഷിണ കർണാടകയിലെ ചാമരാജനഗർ സ്വദേശി പൊന്നാച്ചി മഹാദേവ സ്വാമി വാച്ച് കട ഉടമയല്ല. അധ്യാപകനാണ്. പക്ഷേ സ്വാമിയുടെ വീട് നിറയെ വാച്ചുകളാണ്. അതും എച്ച്എംടി വാച്ചുകൾ.
സ്വാമിയുടെ വാച്ച് പ്രേമത്തിന് പഴയൊരു കഥയും കാരണവുമുണ്ട്. പത്താംക്ലാസ് പരീക്ഷയില്‍ വിജയിച്ചാല്‍ റിസ്റ്റ് വാച്ച് വാങ്ങി നല്‍കാമെന്ന് പൊന്നാച്ചി മഹാദേവ സ്വാമിയുടെ അച്ഛൻ പറഞ്ഞിരുന്നു. പക്ഷേ സ്വാമി പരീക്ഷയില്‍ പരാജയപ്പെട്ടു. അന്നുമുതലാണ് സ്വാമിക്ക് വാച്ചുകളോട് സ്നേഹം തുടങ്ങിയത്.
പഠിച്ച് ജോലി നേടിയ ശേഷം സ്വാമി പഴയ വാച്ച് സ്നേഹം പൊടിതട്ടിയെടുത്തു. കഴിഞ്ഞ ഒരു വർഷമായി സ്വാമി വാച്ചുകൾക്ക് പിന്നാലെയാണ്. ലോക്ക്ഡൗണില്‍ വാച്ച് നന്നാക്കാനും പഠിച്ചു. ഷോറൂമുകൾ, സ്‌ക്രാപ്പ് വാച്ചുകളുടെ സ്‌റ്റോറുകൾ, ഓൺലൈൻ എന്നിവയിലൂടെയാണ് പൊന്നാച്ചി മഹാദേവസ്വാമി എച്ച്.എം.ടി വാച്ചുകൾ ശേഖരിക്കാൻ തുടങ്ങിയത്. ഇപ്പോൾ അദ്ദേഹത്തിന്‍റെ കൈവശം 400ൽ അധികം വാച്ചുകൾ ഉണ്ട്. 45 മുതല്‍ 50 വർഷം വരെ പഴക്കമുള്ള വാച്ചുകൾ സ്വാമിയുടെ കൈവശമുണ്ട്.
എച്ച്എംടിയുടെ വിവിധ ബ്രാൻഡുകളായ ജനത, കോഹിനൂർ, കാഞ്ചൻ, പൈലറ്റ്, ചാണക്യ, വിജയ്, സോന, രജത്, കല്യാൺ, സൗരഭ്, ആശ്രയ, സൂര്യ, ആകാശ്, ജവാൻ, ഗഗൻ, രോഹിത്, ചേതൻ, ഹീര, പവൻ, ജയന്ത്, താരിക്ക്, അഭിഷേക്, സന്ദീപ്, അവിനാശ്, സൂരജ്, ക്രാന്തി, ഹേമന്ത്, ചിനാർ, അജിത്, ശ്രേയസ്, അർജുൻ, വിവേക് എന്നിവ സ്വാമിയുടെ വാച്ച് ശേഖരത്തിലുണ്ട്. പക്ഷെ ഇവയുടെ ബെൽറ്റുകളോ ചെയിനുകളോ മാറ്റുന്നതിന്‍റെ ചെലവ് വാച്ചിന്‍റെ യഥാർഥ വിലയേക്കാൾ കൂടുതലാണ്. അതിനാൽ സുഹൃത്തുക്കളുടെയും യൂട്യൂബിന്‍റെയും സഹായത്തോടെ മഹാദേവസ്വാമി വാച്ചുകൾ നന്നാക്കാൻ പഠിച്ചു.
യെലന്തൂരുവിൽ ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണായി ജോലി ചെയ്യുകയാണ് സ്വാമി ഇപ്പോൾ. ‘ദൂപട മക്കളു’ എന്ന തൂലിക നാമത്തില്‍ സാഹിത്യരംഗത്തും മഹാദേവ സ്വാമി സജീവമാണ്. 2020 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും അദ്ദേഹത്തെ തേടിയെത്തി.