കന്യാകുമാരി : സ്‌കൂൾ വിദ്യാർഥികളെ നിർബന്ധിത മതപരിവർത്തനം നടത്താൻ ശ്രമിച്ച അധ്യാപികയ്ക്ക് സസ്‌പെൻഷൻ. തമിഴ്‌നാട്ടിലെ കണ്ണാട്ടുവിള ഗവൺമെന്‍റ് ഹയർസെക്കൻഡറി സ്‌കൂളിലെ തയ്യൽ അധ്യാപികയെയാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പരാതിയുടെ അടിസ്ഥാനത്തിൽ ബുധനാഴ്‌ച സസ്‌പെൻഡ് ചെയ്‌തത്.
300ലധികം വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂളിലെ അധ്യാപികയ്‌ക്കെതിരെയാണ് ആരോപണം. തയ്യൽ ക്ലാസിൽ പങ്കെടുക്കുന്നതിനിടെ ഹിന്ദു വിദ്യാർഥികളെ ക്രിസ്‌ത്യൻ പ്രാർഥനകള്‍ വായിക്കാൻ നിർബന്ധിച്ചുവെന്നും ക്രിസ്‌തുമത വിശ്വാസികൾ ചെയ്യുന്നതുപോലെ മുട്ടുകുത്തി പ്രാർഥിക്കാന്‍ പഠിപ്പിച്ചുവെന്നുമാണ് ആരോപണം.
ഭഗവദ് ഗീത മോശമാണെന്നും ബൈബിൾ വായിക്കണമെന്നും അധ്യാപിക ആവശ്യപ്പെട്ടെന്നും വിദ്യാർഥികൾ രക്ഷിതാക്കളോട് പറഞ്ഞു. തുടര്‍ന്ന് ഇറണിയൽ പൊലീസിലും സ്‌കൂൾ മാനേജ്‌മെന്‍റിനോടും രക്ഷിതാക്കൾ പരാതിപ്പെടുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.