ലക്‌നൗ: വിവാഹത്തിന് ഏഴുദിവസം മാത്രം ശേഷിക്കെ അധ്യാപിക കൊവിഡ് ബാധിച്ച് മരിച്ചു. ഉത്തർ പ്രദേശ് സ്വദേശി സ്വാതി ഗുപ്‌തയാണ് മരിച്ചത്. തെരഞ്ഞെടുപ്പ് ജോലിക്കിടെയാണ് അണുബാധയുണ്ടായത്. ഇതോടെ തെരഞ്ഞെടുപ്പ് ജോലിക്കിടെ കൊവിഡിന് കീഴടങ്ങിയത് 577 പേരാണ്. നേരത്തെ തെരഞ്ഞെടുപ്പ് ജോലിക്കിടെ മരിച്ച അധ്യാപകരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും പട്ടിക അധ്യാപക യൂണിയനുകൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ചിരുന്നു.
അതേസമയം തന്നെ തെരഞ്ഞെടുപ്പ് ജോലിയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സ്വാതി ഗുപ്‌ത ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് അപേക്ഷ നൽകിയിരുന്നു. വോട്ടെടുപ്പിന് ഒരു ദിവസം മുൻപ് സ്വാതിയുടെ ആരോഗ്യ നില വഷളാവുകയും തുടർന്ന് മീററ്റിലെ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്‌തിരുന്നു. ചികിത്സയിലിരിക്കെയാണ് അധ്യാപിക മരിച്ചത്.
71 ജില്ലകളിൽ നിന്നായി 577 പേരാണ് തെരഞ്ഞെടുപ്പ് ജോലിയെ തുടർന്ന് മരിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്തത് നിരവധി ഉദ്യോഗസ്ഥരിലേക്ക് അണുബാധ വ്യാപിക്കാനും മരണം വരെ സംഭവിക്കാൻ കാരണമായതായും ഉത്തർപ്രദേശ് മാധ്യമിക് ശിക്ഷാ സംഘ് വക്താവ് ആർപി മിശ്ര പറഞ്ഞു. തെരഞ്ഞെടുപ്പ് നടത്തിയതിലെ വീഴ്‌ച ചൂണ്ടിക്കാട്ടി മരിച്ചവരുടെ കുടുബങ്ങൾക്ക് 50 ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം നൽകണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. അതേസമയം വോട്ടെണ്ണൽ ദിവസം സംസ്ഥാനത്ത് വിജയ റാലികളോ കൂടിച്ചേരലുകളോ അനുവദിക്കില്ലെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.