റായ്‌ഗഡ്: ഛത്തീസ്‌ഗഡിൽ ഖർസിയയിൽ സ്‌കൂൾ അധ്യാപിക ആറുവയസുകാരിയെ മർദിച്ചു. പുറമെ അധ്യാപിക കുട്ടിയെ ശുചിമുറിയിൽ പൂട്ടിയിടുകയും ചെയ്‌തിരുന്നു. വിവരമറിഞ്ഞ് വനിത ശിശുവികസന വകുപ്പും പൊലീസും ചേർന്ന് അധ്യാപികയുടെ വീട്ടിലെത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തി.
സംഭവത്തിൽ ഖർസിയ ഡെവലപ്‌മെന്‍റ് ബ്ലോക്കിലെ ബൻസ്‌മുഡയിലെ സർക്കാർ പ്രൈമറി സ്‌കൂളിലെ അധ്യാപികയായ ആശ അഗർവാളിനെ പൊലീസ് കസ്‌റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. അധ്യാപിക പലപ്പോഴും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാറുണ്ടെന്നും ആക്ഷേപമുണ്ട്. അഗർവാൾ കുടുംബത്തിലെ ഡ്രൈവറുടെ മകളാണ് മർദനത്തിനിരയായ പെൺകുട്ടി.
ദാരിദ്ര്യം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസത്തിനായി പിതാവ് അധ്യാപികയ്‌ക്ക് കുട്ടിയെ കൈമാറുകയായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ആശയ്‌ക്കൊപ്പമാണ് വിദ്യാർഥിനിയുടെ താമസം. ആശയുടെ വീട്ടിൽ നിന്ന് നിരന്തരം അടിപിടിയും കരച്ചിലും കേട്ടതിനെ തുടർന്ന് അയൽവാസികൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതേതുടർന്ന് ആശയുടെ മദൻപൂർ ഇറിഗേഷൻ കോളനിയിലുള്ള വീട്ടിൽ പൊലീസ് റെയ്‌ഡ് നടത്തിയാണ് നടപടി സ്വീകരിച്ചത്.
ശേഷം പെൺകുട്ടിയെ ശിശുക്ഷേമ കമ്മിഷന് കൈമാറി. എട്ട് വർഷം മുമ്പ് സമാനമായ സംഭവത്തിൽ ആശ പ്രതിയാണെന്ന് വനിത ശിശുവികസന ഓഫിസർ ദീപക് ദൻസേന പറഞ്ഞു. അധ്യാപികയ്‌ക്കെതിരെ കർശന നടപടിയ്‌ക്ക് ശുപാർശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.