ലഖ്‌നൗ: സ്‌കൂൾ കുട്ടികളെ സിപിആര്‍ (കാർഡിയോ പൾമണറി റീസസിറ്റേഷൻ) നല്‍കുന്ന വിധത്തേക്കുറിച്ച് ബോധവത്‌കരിക്കണമെന്ന് ആരോഗ്യ വിദഗ്‌ധന്‍. ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ ജീവൻ രക്ഷിക്കാൻ ഇത് സഹായിക്കുമെന്നും ഉത്തര്‍പ്രദേശ് ലഖനൗവിലുള്ള കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ (കെജിഎംയു) സീനിയർ ഫാക്കൽറ്റി കാർഡിയോളജി പ്രൊഫസർ റിഷി സേത്തി പറയുന്നു. വർഷം തോറും ഇക്കാര്യത്തില്‍ ബോധവത്‌കരണം ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'പെട്ടെന്ന് മയങ്ങി വീഴുന്നത് ഹൃദയസംബന്ധമായ പ്രശ്‌നത്തെ സൂചിപ്പിക്കുന്നതാണ്. ഈ സാഹചര്യത്തിൽ സിപിആര്‍ നല്‍കുന്നത് ജീവൻ രക്ഷിക്കുന്നതിന് സഹായിക്കും. ലളിതമായിട്ട് ചെയ്യാന്‍ കഴിയുന്നതാണ് സിപിആര്‍ നല്‍കുന്നത്. ഇരുകൈപ്പത്തിയും ഇടയ്‌ക്കിടെ നെഞ്ചില്‍ കൈവച്ച് അമര്‍ത്തുക. മുന്‍പൊക്കെ വായയിലേക്ക് ശക്തിയില്‍ ഊതിയുള്ള പ്രാഥമിക ചികിത്സയാണ് നല്‍കിയിരുന്നത്. ഇങ്ങനെ ചെയ്യുന്നതിന് പകരം നെഞ്ചില്‍ കൈവച്ച് അമര്‍ത്തുന്നതാണ് നല്ലത്' - ഡോക്‌ടര്‍ വിശദമാക്കി.
'30 ശതമാനം മരണവും ഹൃദ്രോഗത്താല്‍': 'ആളുകള്‍ ബോധരഹിതരായി വീഴുമ്പോഴോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും സംഭവിക്കുമ്പോഴോ മൊബൈല്‍ കാമറ ഉപയോഗിച്ച് ദൃശ്യം പകര്‍ത്താതെ, സഹായിക്കാന്‍ ശ്രമിക്കുക. ആഗോള തലത്തില്‍ തന്നെ 80 ശതമാനത്തിലേറെ മരണവും സംഭവിക്കുന്നത് ജീവിതശൈലി രോഗങ്ങൾ കാരണമാണ്. അവയിൽ, ഹൃദ്രോഗ സംബന്ധമായ രോഗങ്ങൾ 25 മുതല്‍ 30 ശതമാനം ആളുകളുടെയും മരണത്തിന് കാരണമാവുന്നു. ഹൃദയപേശികൾക്ക് ശരീരത്തിന്‍റെ ആവശ്യങ്ങൾ നിറവേറ്റാൻ രക്തം പമ്പ് ചെയ്യുന്നതിന് കഴിയാത്ത സാഹചര്യം വരുമ്പോഴാണ് ഹൃദയസ്‌തംഭനം അല്ലെങ്കില്‍ ഹൃദയവുമായി ബന്ധപ്പെട്ട മറ്റ് രോഗങ്ങള്‍ ഉണ്ടാവുന്നത്'.
രക്ത സമ്മര്‍ദം, പ്രമേഹം, പൊണ്ണത്തടി എന്നിവ ഹൃദയാഘാതത്തിന് കാരണമാവാറുണ്ട്. കുട്ടി ഗർഭപാത്രത്തിനകത്ത് ആയിരിക്കുമ്പോള്‍ മുതൽ മരണം വരെ കഠിനാധ്വാനം ചെയ്യുന്ന അവയവമാണ് ഹൃദയം. നമ്മൾ അതിനെ ആരോഗ്യത്തോടെ നിലനിർത്തേണ്ടത് അനിവാര്യമാണ്. കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ വൈദ്യസഹായം തേടാന്‍ മടിക്കരുത്'- കാർഡിയോളജി പ്രൊഫസർ റിഷി സേത്തി പറയുന്നു.