റോഹ്താസ്/ ബിഹാർ: പ്രേമബന്ധങ്ങൾ തകരുമ്പോൾ പങ്കാളിയോട് പ്രതികാരം ചെയ്യുന്നതും, ആത്മഹത്യയിൽ ഏർപ്പെടുന്നതും ഇന്ന് സാധാരണമായി മാറിയിരിക്കുകയാണ്. എന്നാൽ കാമുകിയാൽ വഞ്ചിക്കപ്പെട്ട ബfഹാർ സ്വദേശിയായ ശ്രീകാന്ത് എന്ന യുവാവിന്‍റെ വ്യത്യസ്‌ത പ്രതികാരമാണ് ഇപ്പോൾ ഹിറ്റായി മാറിയിരിക്കുന്നത്. തന്നെ വിട്ടുപോയ പങ്കാളിക്ക് ദോഷമില്ലാത്ത രീതിയിൽ പ്രതികാരത്തിലൂടെ ഉപജീവന മാർഗം തന്നെ കണ്ടെത്തുകയാണ് ശ്രീകാന്ത്.
'ബേവഫ ടീ ഷോപ്പ്' (വിശ്വാസവഞ്ചക ചായക്കട) എന്ന പേരിൽ ചായക്കട നടത്തിയാണ് ശ്രീകാന്ത് വ്യത്യസ്‌ത രീതിയിൽ പ്രതികാരം ചെയ്യുന്നത്. കൂടാതെ തന്‍റെ ചായക്ക് 'ബേവഫ ചായ' എന്ന പേരും ശ്രീകാന്ത് നൽകി. രണ്ട് വ്യത്യസ്‌ത വിലകളിലാണ് ബേവഫ ചായ വിൽപ്പന നടത്തുന്നത്. പ്രണയിക്കുന്നവർക്ക് 15 രൂപയ്‌ക്ക് രണ്ട് ചായ നൽകുന്ന ശ്രീകാന്ത്, പ്രണയബന്ധം തകർന്നവർക്ക് 10 രൂപയ്‌ക്കാണ് രണ്ട് ചായ നൽകുന്നത്.
പ്രണയം ബന്ധം തകർന്ന വിഷമത്തിൽ നിന്ന് കരകയറാൻ രണ്ട് വർഷത്തോളമെടുത്തെന്നും, തുടർന്ന് തനിക്ക് സംഭവിച്ചത് ലോകത്തോട് പറയാൻ ഒരു വഴി എന്ന നിലയിലാണ് ചായക്കട തുറന്നതെന്നും ശ്രീകാന്ത് പറയുന്നു. പ്രണയത്തിൽ വഞ്ചിതരായ തന്നെപ്പോലുള്ള നിരവധി പേർ ബേവഫ ചായ കുടിക്കാൻ കടയിൽ എത്താറുണ്ടെന്ന് ശ്രീകാന്ത് പറഞ്ഞു. ദേശീയപാത 2ൽ താരാചാണ്ടി ക്ഷേത്രത്തിന് സമീപത്താണ് ശ്രീകാന്തിന്‍റെ ചായക്കട സ്ഥിതിചെയ്യുന്നത്.