അമരാവതി (ആന്ധ്രാപ്രദേശ്) : തെലുഗു പാർട്ടി വനിത വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി മൽപുരി കല്യാണിയെ അറസ്റ്റ് ചെയ്‌ത പൊലീസ് നടപടിക്കെതിരെ വ്യാപക വിമർശനം. കല്യാണിയെ അവരുടെ കിടപ്പുമുറിയിൽ കയറി പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ടിഡിപിയും വൈഎസ്ആർസിപിയും തമ്മിൽ ഏറ്റുമുട്ടിയതിൽ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് നടപടി.
കല്യാണിയെ കിടപ്പുമുറിയിൽ അതിക്രമിച്ച് കയറി പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്‌തുവെന്നും വസ്‌ത്രം മാറാൻ പോലും അനുവദിച്ചില്ലെന്നും വീട്ടുകാർ ആരോപിച്ചു. ഇത് വീട്ടുകാർ ശക്തമായി എതിർത്തതിനെ തുടർന്നാണ് വസ്‌ത്രം മാറാൻ പൊലീസ് സമയം നൽകിയത്. 2023 ഫെബ്രുവരിയിലാണ് കേസിനാസ്‌പദമായ സമഭവം. ഗണ്ണവാരത്തെ ടിഡിപി ഓഫിസിന് നേരെ വൈഎസ്ആർസിപി അണികൾ നടത്തിയ പ്രതിഷേധം ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു.
കോടതിയിൽ മുൻകൂർ ജാമ്യത്തിന് കല്യാണി അപേക്ഷിച്ചിരുന്നെങ്കിലും എസ്‌സി, എസ്‌ടി നിയമപ്രകാരം ജാമ്യം ലഭിച്ചില്ല. തുടർന്ന് ടിഡിപി നേതാവ് കല്യാണി ഒളിവിലായിരുന്നു. പൊലീസ് നടത്തിയ തെരച്ചിലിനൊടുവിൽ ഹനുമാൻ ജംഗ്‌ഷനിലെ വസതിയിൽ കല്യാണി എത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചു.
തുടർന്ന് ഇന്നലെ രാവിലെയോടെ ഗണ്ണവാരം എസ്‌ഐ രമേഷിന്‍റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി കല്യാണിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വനിത പൊലീസുകാർ ഒരു മുന്നറിയിപ്പും കൂടാതെ കിടപ്പുമുറിയിലേക്ക് ഇടിച്ചുകയറി കല്യാണിയെ ബലം പ്രയോഗിച്ച് പുറത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു. അറസ്റ്റിനോട് സഹകരിക്കാമെന്നും വസ്‌ത്രം മാറാൻ സമയം നൽകണമെന്നും കല്യാണി പൊലീസിനെ അറിയിച്ചെങ്കിലും പൊലീസ് കല്യാണിയുടെ ആവശ്യം അംഗീകരിച്ചില്ല.
പൊലീസ് നടപടിയെ കല്യാണിയുടെ ഭർത്താവ് സുരേന്ദ്രനും മറ്റ് കുടുംബാംഗങ്ങളും ശക്തമായി എതിർത്തു. വസ്‌ത്രം മാറാൻ പോലും അവസരം നൽകാത്ത വിധത്തിലുള്ള കുറ്റമൊന്നും കല്യാണി ചെയ്‌തിട്ടില്ലെന്നും പൊലീസ് ഇത്ര കർശനമായി പെരുമാറുന്നത് ഉചിതമല്ലെന്നും വീട്ടുകാർ രോഷം പ്രകടിപ്പിച്ചതോടെ പൊലീസ് വസ്ത്രം മാറാൻ അനുവദിച്ചു. എന്നാൽ രണ്ട് വനിത പൊലീസുകാരുടെ സാന്നിധ്യത്തിൽ വസ്‌ത്രം മാറാൻ അനുവദിക്കാം എന്ന് പൊലീസ് പറഞ്ഞു. ഇതിനെ കല്യാണി ശക്തമായി എതിർത്തു.
രക്ഷപ്പെടാൻ മുറിയിൽ മറ്റൊരു വാതിലും ഇല്ല, പിന്നെന്തിനാണ് ഇങ്ങനൊരു നിബന്ധന എന്ന് കല്യാണി പൊലീസിനോട് ചോദിച്ചുവെങ്കിലും പൊലീസ് കർശന നിലപാട് സ്വീകരിക്കുകയായിരുന്നു. തുടർന്ന് വനിത പൊലീസുകാരുടെ സാന്നിധ്യത്തിൽ കല്യാണി വസ്‌ത്രം മാറാൻ നിർബന്ധിതയായി. പിന്നീട് കല്യാണിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് ഗണ്ണവാരം ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി. കല്യാണിയെ അറസ്റ്റ് ചെയ്‌ത വിവരം അറിഞ്ഞ് ടിഡിപി നേതാക്കൾ കൂട്ടത്തോടെ ഗണ്ണവാരം പൊലീസ് സ്റ്റേഷനിലെത്തി. വൈകിട്ട് കല്യാണിയെ കോടതിയിൽ ഹാജരാക്കി ഈ മാസം 24 വരെ റിമാൻഡ് ചെയ്‌തു.
അതേസമയം, കല്യാണിയുടെ അറസ്റ്റിനിടെ ഭർത്താവ് സുരേന്ദ്രബാബു വനിത പൊലീസുകാരെ അസഭ്യം പറഞ്ഞുവെന്നാരോപിച്ച് ഇന്നലെ ഉച്ചയോടെ ഭർത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്‌തു. തുടർന്ന് സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു. ഈ മാസം 14ന് മുമ്പ് സംഭവത്തിൽ വിശദീകരണം നൽകാൻ പൊലീസ് നോട്ടീസ് നൽകി.
കല്യാണിക്കെതിരെയുള്ള പൊലീസ് നടപടിക്കെതിരെ ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു രംഗത്തെത്തി. തെലുഗു വനിത സംസ്ഥാന ചീഫ് സെക്രട്ടറി മൂൽപുരി സായ് കല്യാണിയെ തീവ്രവാദിയെ പോലെ അറസ്റ്റ് ചെയ്‌ത പൊലീസ് നടപടി അപലപനീയമാണെന്ന് ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു ട്വിറ്ററിൽ കുറിച്ചു. കല്യാണി അറസ്റ്റിലാകുന്ന വീഡിയോയും അദ്ദേഹം ട്വീറ്ററിൽ പങ്കുവച്ചു.