അമരാവതി: വൈ.എസ്.ആർ.സി.പിയ്‌ക്കെതിരെ ആരോപണവുമായി ടി.ഡി.പി. ആന്ധ്രാപ്രദേശിൽ വൈ.എസ്.ആർ.സി.പി അധികാരം ദുരുപയോഗം ചെയ്യുന്നുവെന്നാണ് ടി.ഡി.പിയുടെ ആരോപണം.
കഴിഞ്ഞ ദിവസം ചിറ്റൂരിലേക്ക് പോകാനെത്തിയ ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിനെ തിരുപ്പതി വിമാനത്താവളത്തിൽ വച്ച് പൊലീസ് തടഞ്ഞിരുന്നു. സംഭവത്തിൽ പാർട്ടി അപലപിക്കുകയും വൈ.എസ്.ആർ.സി.പിയ്‌ക്കെതിരെ ആരോപണം ഉയർത്തുകയും ചെയ്തു. അതേസമയം വൈ.എസ്.ആർ.സി.പി വക്താവും മുതിർന്ന നേതാവുമായ അമ്പാടി റാംബാബു, ചന്ദ്രബാബു നായിഡുവിന്‍റെ പ്രതിഷേധം നാടകീയമാണെന്ന് വിമർശിച്ചു. ചന്ദ്രബാബു നായിഡു ചിറ്റൂരിൽ വലിയ പ്രതിഷേധം നടത്താനാണ് ഉദ്ദേശിച്ചതെന്നും എന്നാൽ കൊവിഡ് വ്യാപനത്തിന്‍റെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിന്‍റെയും പശ്ചാത്തലത്തിൽ പൊലീസ് എങ്ങനെ പ്രതിഷേധത്തിന് അനുമതി നൽകുമെന്നും അദ്ദേഹം ചോദിച്ചു.
പൊതുജനശ്രദ്ധ പിടിച്ചു പറ്റുന്നതിനും പാർട്ടിയുടെ പരാജയത്തിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടുന്നതിനുമാണ് ടിഡിപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതേ സമയം ചന്ദ്രബാബു നായിഡു തന്‍റെ ഭരണകാലത്ത് വൈ.എസ് ജഗൻമോഹൻ റെഡ്ഡിയെ വിശാഖപട്ടണം വിമാനത്താവളത്തിൽ വച്ച് തടഞ്ഞിരുന്നതായും അദ്ദേഹം വ്യക്തമാക്കി.