ലഖ്‌നൗ: കാൻപൂർ നഗരത്തിലെ രണ്ട് വ്യവസായികളുടെ വീട്ടിലും ഓഫിസുകളിലും നടത്തിയ റെയ്‌ഡിൽ കോടികളുടെ നികുതി ക്രമക്കേട് കണ്ടെത്തി ഇൻകം ടാക്‌സ് വകുപ്പ്.
സുഗന്ധ വ്യാപാരി പീയുഷ് ജെയ്‌ൻ, പാൻ മസാല നിർമാതാവ് എന്നിവരുടെ ഓഫിസുകളിലും വീടുകളിലുമാണ് റെയ്‌ഡ് നടത്തിയത്. പിയൂഷ് ജെയിനിന്റെ കാൺപൂർ, കനൗജ്, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിലെ വീട്, ഫാക്ടറി, ഓഫിസ്, കോൾഡ് സ്റ്റോർ, പെട്രോൾ പമ്പ് എന്നിവിടങ്ങളിലാണ് റെയ്‌ഡ് നടന്നത്.
ഇൻകം ടാക്‌സ് റെയ്‌ഡിനൊപ്പം രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഹമ്മദാബാദിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്‌ടി ഇന്റലിജൻസ് (ഡിജിജിഐ) ഉദ്യോഗസ്ഥർ വ്യാഴാഴ്ച കാൺപൂരിലെ ഫാക്‌ടറി വളപ്പിലും പാൻ മസാല നിർമാതാവിന്റെ സ്ഥാപനങ്ങളിലും റെയ്‌ഡ് നടത്തി. റെയ്‌ഡിൽ ഇ-വേ ബില്ലുകൾ നൽകാതെ വ്യാജ ഇൻവോയ്‌സുകളുടെ മറവിൽ ചരക്കുകൾ വിൽക്കുന്നതായി കണ്ടെത്തി.
പീയുഷ് ജെയ്‌നിന്‍റെ ആനന്ദപുരിയിലെ വസതിയിലും, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലും ഇൻകം ടാക്‌സ് റെയ്‌ഡ് നടന്നു. റെയ്‌ഡിൽ 150 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് നടന്നിട്ടുള്ളതായി ഉദ്യോഗസ്ഥർ കണ്ടെത്തി.
കാൺപൂർ, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒരേസമയം ആരംഭിച്ച റെയ്ഡുകൾ രാത്രി വൈകിയാണ് അവസാനിച്ചത്. ആദായ നികുതി വകുപ്പിന്‍റെ മുംബൈ സംഘമാണ് റെയ്‌ഡിന് നേതൃത്വം നൽകിയത്. റെയ്‌ഡിൽ കോടികൾ വരുന്ന പണം പിടിച്ചെടുത്തു.
മധ്യ പൂർവേഷ്യയിലെ രണ്ട് കമ്പനികൾ ഉൾപ്പെടെ 40 ഓളം കമ്പനികൾ പീയുഷ് ജെയ്‌നിന് ഉള്ളതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഷെൽ കമ്പനികളുടെ പേരിൽ കമ്പനി വായ്പയെടുത്തതായി റെയ്ഡിൽ കണ്ടെത്തി. കമ്പനിയുടെ വിദേശ ഇടപാടുകളെ കുറിച്ചും ഉദ്യോഗസ്ഥർ കണ്ടെത്തി.
അതേസമയം, ആദായ നികുതിയുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച് വരികയാണെന്ന് ഇൻകം ടാക്‌സ് ഉദ്യോഗസ്ഥൻ പറഞ്ഞു. എസ്‌ബിഐ ഉദ്യോഗസ്ഥരുമായി ചേർന്ന് പിടിച്ചെടുത്ത കറൻസി നോട്ടുകൾ എണ്ണുന്ന പ്രക്രിയ ഇപ്പോഴും തുടരുകയാണ്. വെള്ളിയാഴ്ചയോടെ ഇത് പൂർത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു.
പാൻ മസാല നിർമാതാവിന്‍റെ ഫാക്‌ടറിയിൽ നടത്തിയ റെയ്‌ഡിൽ ഇ-വേ ബില്ലുകൾ സൃഷ്‌ടിക്കാതെ വ്യാജ ഇൻവോയ്‌സുകൾ സൃഷ്‌ടിച്ച് ചരക്ക് കടത്തുന്നതായി കണ്ടെത്തി.
ഇ-വേ ബില്ലുകൾ ഒഴിവാക്കാൻ പാൻ മസാല നിർമാതാവ് നിലവിലില്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ ഒരു ട്രക്ക് ലോഡിന് 50,000 രൂപയിൽ താഴെ വരുന്ന ഒന്നിലധികം ഇൻവോയ്‌സുകൾ സൃഷ്‌ടിച്ചതായി കണ്ടെത്തുകയും ഫാക്‌ടറിയുടെ പുറത്തുണ്ടായിരുന്ന നാല് ട്രക്കുകൾ പിടിച്ചെടുക്കുകയും ചെയ്‌തു.
Also Read: വികസന വിരോധികള്‍ എക്കാലവും മുഖം തിരിക്കും, സർക്കാര്‍ മുന്നോട്ട് തന്നെ; മുഖ്യമന്ത്രി