ചെന്നൈ: ലോക്ക്ഡൗൺ ഇളവിൽ മദ്യവിൽപ്പന ശാലകളെ ഉൾപ്പെടുത്തിയതോടെ ഒറ്റ ദിവസം കൊണ്ട് തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷൻ (ടിഎഎസ്എംഎസി) സംസ്ഥാനത്ത് വിറ്റഴിച്ചത് 164 കോടി രൂപയുടെ മദ്യം. 27 ജില്ലകളിലെ മദ്യവിൽപ്പന ശാലകൾക്കാണ് തിങ്കളാഴ്ച മുതൽ തുറക്കാൻ സർക്കാർ അനുമതി നൽകിയത്.
ടിഎഎസ്എംഎസിയുടെ റിപ്പോർട്ടുകൾ പ്രകാരം മധുര മേഖലയിലാണ് ഏറ്റവും കൂടുതൽ മദ്യ വിൽപ്പന നടന്നത്. 49.54 കോടി രൂപയുടെ മദ്യമാണ് ഇവിടെ തിങ്കളാഴ്ച മാത്രം വിറ്റഴിച്ചത്. ചെന്നൈയിൽ 42.96 കോടി രൂപയുക്കും സേലത്ത് 38.72 കോടി രൂപക്കും തിരുച്ചിറപ്പള്ളിയിൽ 33.65 കോടി രൂപക്കും മദ്യ വിൽപ്പന നടന്നു.
Also read: ലക്ഷദ്വീപ് ആവശ്യപ്പെട്ടാല്‍ ബേപ്പൂരില്‍ സൗകര്യങ്ങളൊരുക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ
കൊവിഡ് കേസുകൾ കൂടുതലുള്ളതിനാൽ കോയമ്പത്തൂർ മേഖലയിൽ മദ്യ വിൽപ്പന നടന്നില്ല. നീലഗിരി, ഈറോഡ്, സേലം, തിരുപ്പൂർ, കരൂർ, നാമക്കൽ, തഞ്ചാവൂർ, തിരുവാവൂർ, നാഗപട്ടണം, മൈലാടുതുറൈ എന്നിവിടങ്ങളിലെ മദ്യ വിൽപ്പന ശാലകളും അടഞ്ഞുകിടന്നു. ആകെയുള്ള 5338 കടകളിൽ 2900 മദ്യ വിൽപ്പന ശാലകൾ മാത്രമേ തിങ്കളാഴ്ച തുറന്ന് പ്രവർത്തിച്ചുള്ളു.
പട്ടാലി മക്കൾ കാച്ചി (പിഎംകെ) യുടെ സ്ഥാപക പ്രസിഡന്‍റ് ഡോ. എസ്. രാമദോസ് മദ്യനയം പുനർനിർമിക്കണമെന്നും ജനങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനായി സംസ്ഥാനത്ത് സമ്പൂർണ മദ്യ നിരോധനം നടപ്പാക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു.