ന്യൂഡല്‍ഹി: വീടുകളില്‍ കുടിവെള്ളം എത്തിക്കുന്നതിന് 60,000 കോടി രൂപ അനുവദിച്ചതായി ബജറ്റ് പ്രസംഗത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. 2022- 23 കാലയളവില്‍ 3.8 കോടി വീടുകളില്‍ പൈപ്പ് കണക്ഷന്‍ എത്തും.
8.7 കോടി വീടുകളില്‍ കുടി വെള്ളം പൈപ്പ് വഴി എത്തിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ 'ഹര്‍ ഘര്‍ നല്‍ സേ ജല്‍' എന്ന പദ്ധതി. ഇതില്‍ 5.5 കോടി വീടുകളില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പൈപ്പ് കണക്ഷന്‍ എത്തിച്ചു. 2022-23ല്‍ 3.8 കോടി വീടുകളില്‍ വെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് 60,000 കോടി രൂപ ബജറ്റില്‍ നീക്കി വയ്ക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Also Read: ഡിജിറ്റല്‍ കറൻസി, ഗതാഗതത്തിന് ഗതിശക്തി: ആത്മനിർഭർ ബജറ്റുമായി നിർമല സീതാരാമൻ
രാജ്യത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നികുതിയിളവ് ലഭിക്കുന്നതിന് 2023 മാര്‍ച്ച് 31 വരെ സംയോജന കാലയളവ് ഒരു വര്‍ഷത്തേക്ക് നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ദേശീയ പെന്‍ഷന്‍ സംവിധാനത്തിന്‍റെ (എന്‍പിഎസ്) കീഴില്‍ വരുന്ന ജീവനക്കാർക്ക് സംസ്ഥാന സർക്കാർ നൽകുന്ന സംഭാവനയുടെ നികുതിയിളവ് 10 ശതമാനത്തിൽ നിന്ന് 14 ശതമാനമായി ഉയർത്താൻ സർക്കാർ നിർദേശിക്കുന്നതായും ധനമന്ത്രി പറഞ്ഞു.