മുംബൈ: 'ബോളിവുഡ് മാഫിയ' തന്നെ ലക്ഷ്യം വയ്ക്കുകയാണെന്ന ആരോപണങ്ങളുമായി നടി തനുശ്രീ ദത്ത. സിനിമകളില്‍ നിന്ന് ഒഴിവാക്കുന്നത് മുതല്‍ വധശ്രമങ്ങള്‍ വരെ വളരെ ആസൂത്രിതമായാണ് തനിക്കെതിരെയുള്ള നീക്കങ്ങളെന്ന് നടി ആരോപിച്ചു. സമൂഹ മാധ്യമത്തിലൂടെയാണ് മുന്‍ മിസ് ഇന്ത്യ കൂടിയായ തനുശ്രീ ദത്തയുടെ ആരോപണങ്ങള്‍.
ആരുടെയും പേരുകള്‍ പരാര്ശിക്കാതെയായിരുന്നു നടി ആരോപണങ്ങള്‍ ഉന്നയിച്ചത്. മീടു കുറ്റവാളികളും താന്‍ വെളിച്ചത്ത് കൊണ്ടുവന്ന സന്നദ്ധ സംഘടനയുമാണ് താന്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഉത്തരവാദികളെന്ന് തനുശ്രീ ദത്ത ആരോപിച്ചു. 'ഇതിനെല്ലാം പിന്നിൽ മീടു കുറ്റവാളികളും ഞാൻ വെളിച്ചത്ത് കൊണ്ടുവന്ന എൻജിഒയും ആണെന്ന് എനിക്ക് ഉറപ്പുണ്ട്, കാരണം മറ്റെന്തിന് എന്നെ ആരെങ്കിലും ലക്ഷ്യം വയ്ക്കണം,' തനുശ്രീ ദത്ത ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.
ചലച്ചിത്ര മേഖല കലാകാരന്മാർക്കും സ്ത്രീകൾക്കും സുരക്ഷിതമല്ലാത്ത ഇടമാക്കി മാറ്റിയതിന് മഹാരാഷ്ട്രയിലെ രാഷ്ട്രീയ ഉന്നതരുടെ ഒരു പ്രത്യേക വിഭാഗം ഉത്തരവാദിയാണെന്ന് തനുശ്രീ ആരോപിച്ചു. ബോളിവുഡ് മാഫിയയും രാഷ്ട്രീയക്കാരും ദേശവിരുദ്ധരും ചേർന്ന് ആളുകളെ ബുദ്ധിമുട്ടിക്കാൻ സാധാരണയായി ഇത്തരത്തില്‍ പ്രവര്‍ത്തിക്കാറുണ്ടെന്നും തനുശ്രീ ദത്ത പറഞ്ഞു. കടുത്ത മാനസിക, ശാരീരിക പീഡനമാണ് താന്‍ ഇതിലൂടെ നേരിടുന്നതെന്നും നടി പറഞ്ഞു.
താനൊരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും തനുശ്രീ ദത്ത വ്യക്തമാക്കി. 'ഞാൻ ആത്മഹത്യ ചെയ്യാൻ പോകുന്നില്ല, എവിടെയും പോകുകയുമില്ല. ഞാന്‍ ഇവിടെ തന്നെയുണ്ടാകും,' നടി പറഞ്ഞു. മാനസിക ക്ഷേമം, പുതിയ ബിസിനസ്, തൊഴിൽ അവസരങ്ങൾ എന്നിവയിലായിരിക്കും താന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും തനുശ്രീ ദത്ത കൂട്ടിച്ചേര്‍ത്തു.
2005ല്‍ പുറത്തിറങ്ങിയ ഇമ്രാൻ ഹാഷ്മി, സോനു സൂദ് എന്നിവർക്കൊപ്പമുള്ള 'ആഷിഖ് ബനായ ആപ്നെ' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച തനുശ്രീ ദത്ത 'ചോക്ലേറ്റ്', 'ഭാഗം ഭാഗ്', 'റഖീബ്', 'ധോൾ', 'റോസ്ക്', 'ഗുഡ് ബോയ് ബാഡ് ബോയ്', 'അപ്പാർട്ട്മെന്റ്' തുടങ്ങിയ ചിത്രങ്ങളുടേയും ഭാഗമായി.
2018ല്‍ നടന് നാന പടേക്കറിനെതിരെയുള്ള തനുശ്രീയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഇന്ത്യയില്‍ മീടു ആളിക്കത്തുന്നത്. 2008ല്‍ 'ഹോണ്‍ ഓകെ പ്ലീസ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ നാനാ പടേക്കര്‍ തനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു നടിയുടെ ആരോപണം. ഇതിന് പിന്നാലെ നിരവധി ചലചിത്ര താരങ്ങളാണ് തങ്ങള്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമങ്ങള്‍ വെളിപ്പെടുത്തിയത്.