തൂത്തുക്കുടി(തമിഴ്‌നാട്) : അമ്മയെ പാമ്പുകടിയില്‍ നിന്ന് രക്ഷപ്പെടുത്തി മകന്‍ മരണത്തിന് കീഴടങ്ങി. തൂത്തുക്കുടി ജില്ലയിലെ കോവിൽപട്ടിക്കടുത്തുള്ള കടപ്പൂരിലെ തെക്കൻ കുപ്പണപുരം സ്വദേശി പെരുമാളിന്‍റെ മകന്‍ കാർത്തിക് രാജയാണ് (5) പാമ്പ് കടിയേറ്റ് മരിച്ചത്. അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെ വീടിന്റെ ഭിത്തിക്ക് സമീപമുള്ള ദ്വാരത്തിലൂടെ എത്തിയ പാമ്പാണ് കാര്‍ത്തിക്കിനെ കടിച്ചത്.
പെരുമാളിന്‍റെ ഭാര്യ അർച്ചനയ്ക്ക് സംസാരശേഷി ഇല്ല. ഈ ദമ്പതികൾക്ക് രണ്ട് ആൺമക്കളുണ്ട്. ഇന്നലെ (19.08.2022) രാത്രി അർച്ചന തന്റെ മൂത്തമകൻ കാർത്തിക് രാജയെ (5) അടുത്ത് ഇരുത്തി അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് ഭിത്തിക്ക് സമീപമുള്ള ദ്വാരത്തിലൂടെ മൂർഖൻ പാമ്പ് വീടിന്റെ അകത്ത് കയറിയത്. ഇതുകണ്ട കാർത്തിക് അമ്മയെ കടിക്കാതിരിക്കാൻ അതിനെ ഓടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് കാര്‍ത്തിക്കിന് പാമ്പുകടിയേറ്റു.
ബോധരഹിതനായി താഴെ വീണ കുട്ടിയെ രക്ഷിതാക്കള്‍ കടമ്പൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി. പിന്നീട് കുട്ടിയെ തുടർ ചികിത്സയ്ക്കായി തിരുനെൽവേലി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ അവിടെ വെച്ച് കുട്ടിയെ പരിശോധിച്ച ഡോക്‌ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് കടമ്പൂർ പൊലീസ് ആശുപത്രിയിലെത്തി കുട്ടിയുടെ മൃതദേഹം പോസ്‌റ്റ്മോർട്ട നടപടികള്‍ക്കായി അയച്ചു. സംഭവത്തില്‍ കേസും രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. കാര്‍ത്തിക്കിന്‍റെ മരണം ഗ്രാമത്തെ മുഴുവന്‍ ദുഃഖത്തിലാഴ്‌ത്തി.