തിരുവനന്തപുരം : അടുത്ത വർഷത്തോടെ കെ ഫോൺ മാതൃകയിൽ തമിഴ്‌നാട്ടിലും ഫൈബർ കണക്ഷൻ വീടുകളിൽ എത്തിക്കുമെന്ന് തമിഴ്‌നാട് ഐടി മന്ത്രി ഡോ. പഴനിവേൽ ത്യാഗരാജൻ. എഐ സാങ്കേതിക വിപ്ലവം സർക്കാരുകളാണ് നയിക്കേണ്ടത്. സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം വരാഘോഷത്തിന്‍റെ ഭാഗമായി കേരളത്തിലെ ഐടി മേഖല എന്ന വിഷയത്തിൽ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐടി മേഖലയിൽ എല്ലാവരെയും ഉൾപ്പെടുത്തുക എന്നതാണ് ഏറ്റവും പ്രധാനം. ഐടി മേഖല ഏത് വ്യക്തിക്കും കുറഞ്ഞ ചിലവിൽ ലഭിക്കുമെന്ന് കൊവിഡ് സമയത്തെ സാഹചര്യത്തിൽ നിന്നും നമുക്ക് മനസിലായി. വികസനത്തിൽ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തണമെന്നത് സാമൂഹിക നീതിയാണെന്ന് അദ്ദേഹം പറഞ്ഞു.
കേരള തമിഴ്‌നാട് സർക്കാരുകൾ തമ്മിൽ നല്ല രീതിയിലുള്ള സമന്വയമുണ്ട്. കേരളത്തിലെ കെ ഫോൺ എല്ലാവർക്കും മാതൃകയാണ്. കെ ഫോൺ പഠിക്കാനെത്തിയ സമിതിയിൽ താന്‍ അംഗമായിരുന്നു. എല്ലാ വീടുകളെയും അതിവേഗം ഇന്‍റർനെറ്റ് കൊണ്ട് ബന്ധിപ്പിക്കുന്നത് വലിയ മുന്നേറ്റമാണെന്നും കെ ഫോൺ മാതൃകയിൽ തമിഴ്‌നാട് ഫൈബർ നെറ്റ്‌വർക്ക് അടുത്ത വർഷത്തോടെ ആരംഭിക്കുമെന്നും മന്ത്രി പഴനിവേൽ ത്യാഗരാജൻ വ്യക്തമാക്കി.
തമിഴ്‌നാട്ടിലെ 12,600 ഗ്രാമപഞ്ചായത്തുകളിൽ 100 എംബിപിഎസ് വേഗതയിൽ ഇന്‍റർനെറ്റ് എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. മനുഷ്യരാശിയുടെ എല്ലാ വിപ്ലവങ്ങളെയും താരതമ്യേന അപ്രസക്തമാക്കുന്ന സാങ്കേതിക വിപ്ലവത്തിലൂടെയാണ് നാം കടന്നുപോകുന്നത്. സർക്കാരും ജനങ്ങളും തമ്മിലുള്ള ഇടപെടലിനായി വിവര സാങ്കേതിക വിദ്യയെ ഉപയോഗിക്കണമെന്നും ഇത് അഴിമതി ഉൾപ്പടെയുള്ളവ തടയാൻ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Also Read: ജഡ്‌ജിന്‍റെ ഭരതനാട്യം കേരളീയം വേദിയിൽ, കരഘോഷത്തോടെ ജനം
അതിരുകളില്ലാത്ത വിജ്ഞാനം ഓൺലൈനിൽ ലഭ്യമാണ്. വാക്കുകൾ കൊണ്ടോ അവതരണം കൊണ്ടോ ഗ്രാഫിക്‌സ് കൊണ്ടോ കഴിയാത്ത രീതിയിൽ മനുഷ്യർ തമ്മിൽ ഇന്ന് വീഡിയോ രൂപത്തിൽ ബന്ധപ്പെടുന്നു. കമ്പ്യൂട്ടിങ് ശേഷി കൊണ്ടോ വിവരങ്ങൾ ലഭിക്കാത്തത് കൊണ്ടോ നാം പിന്നോട്ട് പോകില്ല, ഭാവനയാകും ഇനി നമ്മെ പിടിച്ച് നിർത്തുക. എഐ സാങ്കേതിക വിദ്യ നാം പ്രതീക്ഷിക്കാത്ത മേഖലകളിൽ പുത്തൻ തരംഗം സൃഷ്‌ടിക്കുമെന്നും ഡോ.പഴനിവേൽ ത്യാഗരാജൻ കൂട്ടിച്ചേര്‍ത്തു.