ചെന്നൈ : ഒരുമാസത്തോളം അംഗീകാരം നല്‍കാതെ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി പിടിച്ച് വച്ചിരുന്ന ബില്ലുകള്‍ നിയമസഭയിലേക്ക് തിരികെ അയച്ച സാഹചര്യത്തില്‍ അവ വീണ്ടും അവതരിപ്പിച്ച് നിയമസഭ (Tamil Nadu govt returns again passed the bills which governor with held). ബില്ലുകള്‍ യാതൊരു മാറ്റവും വരുത്താതെ അതേപടി തന്നെയാണ് പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിച്ചത്. വീണ്ടും ബില്ലിന് ഗവര്‍ണര്‍ അംഗീകാരം നല്‍കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
പ്രതിപക്ഷമായ എഐഎഡിഎംകെയും ബിജെപിയും ഇറങ്ങിപ്പോയെങ്കിലും ബില്ലുകള്‍ ശബ്‌ദ വോട്ടോടെ പാസാക്കുകയായിരുന്നു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബിജെപി ഗവര്‍ണറുടെ ഓഫിസ് വഴി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് വീണ്ടും തമിഴ്‌നാട് നിയമസഭ അടിയന്തര നിയമസഭ സമ്മേളനം വിളിച്ച് കൂട്ടി വീണ്ടും ബില്ലുകള്‍ പാസാക്കിയത്. നിയമസഭ പാസാക്കിയ 12 ബില്ലുകള്‍ക്കാണ് ഗവര്‍ണര്‍ അംഗീകാരം നല്‍കാതെ മടക്കിയത്.
ചില ഫയലുകള്‍ നിയമവിരുദ്ധമാണെന്നും ജനവിരുദ്ധമാണെന്നും പൊതു ബോധത്തിന് എതിരാണെന്നും മറ്റുമുള്ള ആരോപണങ്ങളും ഗവര്‍ണര്‍ നിരത്തുന്നു. അതേസമയം ഇത് നിയമസഭയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന നടപടിയാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ചൂണ്ടിക്കാട്ടുന്നു (issues between Tamil Nadu Governor and state government). എല്ലാ ദിവസവും അദ്ദേഹം കുറേ ആളുകളെ വിളിച്ച് മണ്ടത്തരങ്ങള്‍ വിളമ്പുകയാണെന്നും സ്റ്റാലിന്‍ ആരോപിച്ചു.
അദ്ദേഹം എല്ലാ ആഘോഷങ്ങളിലും പങ്കെടുക്കുന്നുണ്ട്. അതേസമയം വിവാദങ്ങളും സൃഷ്‌ടിക്കുന്നുണ്ട്. സര്‍ക്കാരിന്‍റെ നയങ്ങള്‍ അദ്ദേഹത്തിന്‍റെ ഓഫിസിന് യോജിച്ചതല്ലെന്ന നിലപാടാണ് കൈക്കൊള്ളുന്നത്. ദ്രാവിഡ പ്രത്യയശാസ്ത്രങ്ങള്‍ അദ്ദേഹത്തിന് ദഹിക്കുന്നില്ല. തമിഴ് ജനതയുടെ ഉള്ളിലുള്ള സമത്വം, സാമൂഹ്യനീതി, യുക്തിബോധം, ആത്മാഭിമാനം എന്നിവയും ഗവര്‍ണര്‍ക്ക് ബോധിക്കുന്നില്ലെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.
തമിഴ് സംസ്‌കാരത്തെയും സാഹിത്യത്തെയും എല്ലാം അദ്ദേഹം പൊതുവേദിയില്‍ ഇടിച്ച് താഴ്ത്തുന്നു. നിയമസഭ പാസാക്കിയ ബില്ലിനോട് മാത്രമല്ല അദ്ദേഹത്തിന് പ്രശ്‌നം, മറിച്ച് സാമൂഹ്യ നീതിയോടും അദ്ദേഹത്തിന് പുച്ഛമാണ്. അത് കൊണ്ടാണ് അദ്ദേഹം ഇത്തരം തടസങ്ങള്‍ സൃഷ്‌ടിക്കാന്‍ ശ്രമിക്കുന്നതെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.
നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി നല്‍കാത്തത് നിയമസഭയെയും തമിഴ് ജനതയെയും അപമാനിക്കലാണ്. ഗവര്‍ണര്‍ എന്ന പദവി തന്നെ ഇല്ലതാക്കണം. ജനാധിപത്യത്തില്‍ ഇത്തരം സ്ഥാപനങ്ങള്‍ നിലനില്‍ക്കണമെങ്കില്‍ പരസ്‌പര ബഹുമാനം ഉണ്ടാകണം. ഗവര്‍ണര്‍ക്കെതിരെ തമിഴ്‌നാട് സര്‍ക്കാരിന് സുപ്രീം കോടതിയില്‍ വരെ പോകണ്ടി വന്നു. രാഷ്ട്രപതിയില്‍ നിന്നും പ്രധാനമന്ത്രിയില്‍ നിന്നു അനുകൂല നടപടികള്‍ ഉണ്ടാകാത്ത സാഹര്യത്തിലാണ് കോടതിയെ സമീപിക്കേണ്ടി വന്നത്. ഭരണഘടനയിലെ 200-ാം അനുച്ഛേദപ്രകാരം ഇനി ബില്ലുകള്‍ അംഗീകാരം നല്‍കാന്‍ ഗവര്‍ണര്‍ നിര്‍ബന്ധിതനാകും.
സംസ്ഥാനത്തെ സര്‍വകലാശാലകളെ സംബന്ധിച്ച ബില്ലാണ് ഗവര്‍ണര്‍ മടക്കിയത്. ഇതില്‍ രണ്ടെണ്ണം എടപ്പാടി കെ പളനിസ്വാമിയുടെ എഐഎഡിഎംകെ സര്‍ക്കാര്‍ പാസാക്കിയവയുമാണ്. സര്‍വകലാശാലകളുടെ തലപ്പത്ത് നിന്ന് ഗവര്‍ണറെ നീക്കം ചെയ്യുന്ന ബില്ലുകളാണ് ഇവ. വൈസ് ചാന്‍സലറെ നിയമിക്കാനുള്ള ഗവര്‍ണറുടെ അധികാരം ബില്‍ എടുത്ത് മാറ്റുന്നുമുണ്ട്. ദീപാവലിയുടെ പിറ്റേദിവസമാണ് ബില്ലുകള്‍ ഗവര്‍ണര്‍ തിരിച്ചയച്ചത്. സുപ്രീം കോടതിയില്‍ നിന്ന് ഗവര്‍ണര്‍ക്ക് നേരെ നിശിത വിമര്‍ശനമുയര്‍ന്നതിന്‍റെ പിന്നാലെയായായിരുന്നു ഇത്.
ഗവര്‍ണര്‍ അംഗീകരിക്കേണ്ടതുണ്ടോ എന്ന വിഷയത്തില്‍ വിവിധ അഭിപ്രായങ്ങള്‍ ഇതിന് പിന്നാലെ ഉയര്‍ന്നിരുന്നു. ബില്‍ പിടിച്ച് വയ്ക്കുന്നത് ഗവര്‍ണറുടെ വിവേചനാധികാരമല്ലെന്നാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ വി വെങ്കിട്ട രമണന്‍ അഭിപ്രായപ്പെട്ടത്.