കോയമ്പത്തൂർ (തമിഴ്‌നാട്): കോളജ് വിദ്യാർഥിനികളുടെ സുരക്ഷ ഉറപ്പാക്കാൻ 'പൊലീസ് അക്ക' പദ്ധതിയുമായി തമിഴ്‌നാട്. കോളജ് വിദ്യാർഥിനികളുടെ കൂട്ടുകാരിയായി ഇനി 'പൊലീസ് അക്ക'മാരുണ്ടാകും. കോയമ്പത്തൂരിലാണ് പദ്ധതി ആരംഭിച്ചത്.
കമ്മിഷണർ ബാലകൃഷ്‌ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പൈലറ്റ് പ്രോഗ്രാമായാണ് ഇവിടെ ഇത് അവതരിപ്പിച്ചിരിക്കുന്നത്. വിദ്യാർഥിനികൾ അനുഭവിക്കുന്ന മാനസിക പ്രശ്‌നങ്ങൾ, ലൈംഗിക പ്രശ്‌നങ്ങൾ, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയവയ്ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി.
ഇതിന്‍റെ ഭാഗമായി കോയമ്പത്തൂരിലെ എല്ലാ കോളജുകളിലും ഓരോ വനിത പൊലീസ് ഉദ്യോഗസ്ഥയെ വീതം ചുമതലപ്പെടുത്തി. വിദ്യാർഥികൾക്ക് തങ്ങളുടെ പ്രശ്‌നങ്ങൾ തുറന്ന് സംസാരിക്കാൻ കഴിയുന്ന ഒരു സഹോദരി ആയിരിക്കും പൊലീസ് അക്ക. ഉദ്യോഗസ്ഥ അവരോടൊപ്പം സമയം ചെലവഴിക്കുകയും പ്രശ്‌നങ്ങൾ മനസിലാക്കുകയും ചെയ്യും.
വിദ്യാർഥിനികൾ നൽകുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും അവരുടെ പ്രശ്‌നങ്ങളിൽ ഉടൻതന്നെ നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. പൊലീസ് അക്കമാർ ആഴ്‌ചയിലൊരിക്കലോ 15 ദിവസത്തിലൊരിക്കലോ കോളജുകൾ സന്ദർശിച്ചാണ് വിദ്യാർഥികളുമായി ആശയവിനിമയം നടത്തുക.