ചെന്നൈ: വടക്കേ ഇന്ത്യയില്‍ നിന്നുള്ള അതിഥി തൊഴിലാളികള്‍ക്കുനേരെ ആക്രമണമുണ്ടായെന്ന കുപ്രചരണങ്ങള്‍ക്കിടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്‌റ്റാലിന്‍. എല്ലാ തൊഴിലാളികളും ഞങ്ങളുടെ നാടിന്‍റെ വളര്‍ച്ചക്കായാണ് പ്രവര്‍ത്തിക്കുന്നതെന്നറിയിച്ചും അവര്‍ക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്ന് ഉറപ്പുനല്‍കിയുമായിരുന്നു സ്‌റ്റാലിന്‍ വിഷയത്തില്‍ രമ്യ സംഭാഷണം നടത്തിയത്. എല്ലാ സംസ്ഥാനത്ത് നിന്നുമുള്ള അതിഥി തൊഴിലാളികള്‍ക്കുമായി ഈ സര്‍ക്കാരും ജനങ്ങളും ഒരു സുരക്ഷ മതിലായി തന്നെ കാണുമെന്നും വ്യാജ വാര്‍ത്ത റിപ്പോര്‍ട്ടുകളില്‍ വഞ്ചിതരാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.
കാര്യം ധരിപ്പിക്കാന്‍ ഫോണ്‍കോള്‍: ഞാന്‍ ഏറെ ബഹുമാനത്തോടെ ജേഷ്‌ഠ സ്ഥാനത്ത് കാണുന്ന നിതീഷ് കുമാറിനെ ഫോണില്‍ വിളിച്ച് വിഷയത്തെ കുറിച്ച് സംസാരിച്ചു. എല്ലാ തൊഴിലാളികളും ഞങ്ങളുടെ നാടിന്‍റെ വളര്‍ച്ചക്കായി സഹായിക്കുന്ന ഞങ്ങളുടെ തന്നെ തൊഴിലാളികളാണ്. അവര്‍ക്ക് ഇവിടെ ഒരു പ്രശ്‌നവുമുണ്ടാകില്ലെന്ന് ഞാന്‍ ഉറപ്പും നല്‍കിയെന്നും സ്‌റ്റാലിന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു. കുപ്രചരണങ്ങള്‍ കാട്ടുതീ പോലെയാണ് പടര്‍ന്നുപിടിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രശ്‌നം തുടങ്ങിയത് ഇങ്ങനെ: ബിഹാറില്‍ നിന്നുള്ള ഒരു മാധ്യമ പ്രവര്‍ത്തകനാണ് മറ്റേതോ സംസ്ഥാനത്ത് നടന്ന സംഭവം തമിഴ്‌നാട്ടില്‍ ഏറ്റമുട്ടലുണ്ടായെന്ന തരത്തില്‍ പങ്കുവച്ചത്. ഇതാണ് എല്ലാത്തിനും കാരണം. പത്ര മാധ്യമങ്ങളോടും ടെലിവിഷന്‍ മാധ്യമങ്ങളോടും സമൂഹ മാധ്യമം ഉപയോഗിക്കുന്നവരോടും സാമൂഹിക ഉത്തരവാദിത്തം മനസിലാക്കി മാധ്യമ ധാർമ്മികതയ്ക്ക് അനുസൃതമായി അവരുടെ വാർത്തകള്‍ പങ്കുവയ്‌ക്കണമെന്ന് അഭ്യര്‍ഥിക്കുകയാണെന്നും എം.കെ സ്‌റ്റാലിന്‍ പറഞ്ഞു. വാര്‍ത്തകളുടെ ആധികാരികത സ്ഥിരീകരിക്കാതെയുള്ള വൈകാരികതയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഭയം, പരിഭ്രാന്തി എന്നിവ സൃഷ്‌ടിക്കുന്നതിനായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യജന്മാരെ തിരിച്ചറിയുക: രാജ്യത്തിന്‍റെ ഐക്യത്തിനും സമഗ്രതയ്ക്കുമെതിരെ പ്രവര്‍ത്തിക്കുന്ന ഇന്ത്യ വിരുദ്ധരാണ് ഇത്തരക്കാര്‍. ബിസിനസ്, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ എന്നിവയ്ക്കായി ആളുകൾ ഇവിടെ വന്നിട്ടുണ്ട്. ഇവരെല്ലാം തന്നെ സ്വയം ശാക്തീകരിക്കുന്നതിലൂടെ തമിഴ്‌നാട് കൂടി വികസിക്കുകയാണെന്നും എം.കെ സ്‌റ്റാലിന്‍ അറിയിച്ചു. കൊവിഡ് ലോക്‌ഡൗണ്‍ സമയത്ത് നല്‍കിയ സംരക്ഷണമുള്‍പ്പടെ കുടിയേറ്റ തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊതുജനങ്ങളും നല്‍കി വന്ന ആനുകൂല്യങ്ങളെക്കുറിച്ചും അദ്ദേഹം മനസുതുറന്നു.
പിടിവീണത് ഇവര്‍ക്ക്: അതേസമയം ദൈനിക് ഭാസ്‌കറിന്‍റെ എഡിറ്റര്‍, തന്‍വീര്‍ പോസ്‌റ്റിന്‍റെ എഡിറ്റര്‍ മൊഹമ്മദ് തന്‍വീര്‍, തൂത്തുകുടി നിവാസി പ്രശാന്ത ഉമ റാവു എന്നിവര്‍ക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് കേസെടുത്തതായി തമിഴ്‌നാട് ഡിജിപി സി. സൈലേന്ദ്ര ബാബു അറിയിച്ചു. ഇവരെ പിടികൂടാൻ പ്രത്യേക ടീം രൂപീകരിച്ചിരുന്നുവെന്നും ഇതില്‍ ഉള്‍പ്പെട്ട കൂടുതല്‍ ആളുകളെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ദൈനിക് ഭാസ്‌കറിന്‍റെ എഡിറ്റര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 153 എ, 50 എസ്(ixb) പ്രകാരം തിരുപ്പൂർ നോർത്ത് പൊലീസ് സ്‌റ്റേഷനിലും, മൊഹമ്മദ് തന്‍വീറിനെതിരെ 153 ബി, 505 (iix b), 55 (ഡി) തുടങ്ങിയ ഐടി ആക്‌ട് പ്രകാരം തിരുപ്പൂര്‍ സൈബര്‍ പൊലീസുമാണ് കേസെടുത്തിട്ടുള്ളതെന്നും ജിപി സി. സൈലേന്ദ്ര ബാബു പറഞ്ഞു.
പ്രശാന്ത് ഉമ റാവുവിനെതിരെ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 153, 153 (എ), 504, 505 (1)(ബി), 505(1(സി), 505 (2) എന്നീ വകുപ്പുകള്‍ ചുമത്തി തൂത്തുക്കുടി പൊലീസ് കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മാത്രമല്ല വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് പരമാവധി ഏഴ് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.