അരുമ്പാക്കം: തമിഴ്നാട്ടിലെ അരുമ്പാക്കത്തെ സ്വകാര്യ ജ്വല്ലറി ലോണ്‍ ബാങ്കിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ അന്വേഷണം മറ്റൊരു വഴിത്തിരിവിലേക്ക്. തൊണ്ടിമുതല്‍ ഒളിപ്പിക്കാന്‍ മോഷ്‌ടാക്കളെ പൊലീസ് സഹായിച്ചു എന്ന ഞെട്ടിക്കുന്ന വിവരമാണ് മറനീക്കി പുറത്തുവന്നത്. സംഭവത്തിൽ 11 പ്രത്യേക സംഘങ്ങൾ രൂപീകരിച്ചുള്ള അന്വേഷണത്തില്‍ ഇതുവരെ അഞ്ച് പേരാണ് പൊലീസ് പിടിയിലായിട്ടുള്ളത്.
മോഷണം പോയതായി പറയപ്പെടുന്ന 31.7 കിലോഗ്രാം സ്വർണാഭരണങ്ങളില്‍ 28 കിലോ സ്വർണം മാത്രമാണ് കണ്ടുകെട്ടാനായതെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. മോഷ്ടിച്ച സ്വർണത്തിന്റെ അളവില്‍ ബാങ്ക് തെറ്റിദ്ധരിപ്പിച്ചോ എന്ന് മനസ്സിലാക്കാനായി ബാങ്ക് എക്സിക്യൂട്ടീവുകളോട് മോഷണം പോയ സ്വർണത്തിന്റെ രേഖകൾ സമർപ്പിക്കാൻ പൊലീസ് ആവശ്യപ്പെട്ടു. തുടര്‍ന്ന് കൊള്ളയടിച്ച സ്വര്‍ണത്തിന്‍റെ കാര്യത്തില്‍ പൊലീസ് ഗൗരവമായ അന്വേഷണം നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ (17.08.2022) ബാലാജി, സന്തോഷ് എന്നീ കവർച്ചക്കാര്‍ പിടിയിലാകുന്നത്. ഇവരെ അഞ്ച് ദിവസത്തേക്ക് കസ്‌റ്റഡിയിലെടുത്ത് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
Also Read: ആര്‍ടിഒ ഉദ്യോഗസ്ഥനും ഭാര്യയും ചേര്‍ന്ന് സമ്പാദിച്ചത് വരുമാനത്തേക്കാള്‍ 650 ഇരട്ടി സ്വത്ത്, അന്വേഷണം
ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിക്കുന്നത്. കവർച്ച കഴിഞ്ഞ് രണ്ട് മണിക്കൂറോളം കവർച്ചക്കാരൻ സന്തോഷ് പൊഴിച്ചാലൂർ ഭാഗത്ത് കറങ്ങിയതായി മൊബൈൽ ഫോൺ സിഗ്നലുകൾ പരിശോധിച്ചപ്പോള്‍ പൊലീസിന് വ്യക്തമായി. മാത്രമല്ല, സന്തോഷിന്റെ ഭാര്യ ജയന്തി അച്ചരപ്പാക്കം പൊലീസ് ഇൻസ്‌പെക്‌ടർ അമൽരാജിന്റെ ഭാര്യ മേഴ്സിയുടെ ബന്ധുവാണെന്നും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ സന്തോഷിനെ വീണ്ടും ചോദ്യം ചെയ്‌തപ്പോള്‍ ബാക്കി സ്വർണം എവിടെയാണ് ഒളിപ്പിച്ചതെന്ന് സന്തോഷ് വെളിപ്പെടുത്തിയെങ്കിലും കേസിൽ ഉൾപ്പെടാതിരിക്കാൻ ഇയാള്‍ പൊലീസ് ഇൻസ്പെക്‌ടറാണെന്നു മാത്രം സന്തോഷ് പൊലീസിനോട് പറഞ്ഞു. തുടർന്നാണ് സന്തോഷിൽ നിന്ന് വ്യാജവാഗ്ദാനങ്ങൾ നൽകി സത്യം പുറത്തെടുക്കാൻ പൊലീസ് പ്രത്യേക പദ്ധതിയിടുന്നത്.
ഇതിനുപിന്നാലെ അച്ചരപ്പാക്കം ഇൻസ്പെക്‌ടർ അമൽരാജിന്റെ വീട്ടിൽ സ്വർണാഭരണങ്ങൾ ഒളിപ്പിച്ചതായി കവർച്ചക്കാരൻ സന്തോഷ് സമ്മതിച്ചു. തുടർന്ന് അച്ചരപ്പാക്കം ഇൻസ്‌പെക്‌ടറുടെ വീട്ടിൽ നിന്ന് 3.7 കിലോ സ്വർണാഭരണങ്ങൾ സ്‌പെഷ്യൽ പൊലീസ് പിടികൂടി. കവർച്ചയിൽ ഇൻസ്‌പെക്‌ടർ അമൽരാജിനും പങ്കുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.