തിരുപ്പൂര്‍: തമിഴ്നാട്ടിൽ ആര്‍എസ്എസിനെതിരെ കടന്നാക്രമണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈറോഡിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പ്രസംഗത്തിലാണ് രാഹുൽ ഗാന്ധി ബിജെപിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനം അഴിച്ചു വിട്ടത്. പൂന്തുറൈ, പെരുന്തുറൈ, ഉത്തുക്കുളി തുടങ്ങിയ സ്ഥലങ്ങളിൽ സംസാരിച്ച ശേഷമാണ് തിരുപ്പൂരിലെ ധാരാപുരത്ത് രാഹുൽ പ്രചാരണത്തിനായി എത്തിയത്.
സംസ്ഥാനത്തിന്‍റെ ഭാവി നിശ്ചയിക്കാൻ നാഗ്പൂരിലെ നിക്കറുകാര്‍ക്ക് കഴിയില്ല. അവര്‍ എത്ര പരേഡ് നടത്തിയെന്നതിലൊന്നും കാര്യമില്ല. തമിഴ്നാടിന്‍റെ ഭാവി നിശ്ചയിക്കുന്നത് തമിഴ്നാട്ടിലെ യുവാക്കളാണെന്നും രാഹുൽ ഗാന്ധി പൊതുസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തിന്‍റെ അടിത്തറ തകര്‍ക്കാൻ നരേന്ദ്ര മോദിയെ അനുവദിക്കില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മോദി കരുതുന്നത് സര്‍ക്കാരിനെ ഭീഷണിപ്പെടുത്തിയാൽ തമിഴ്നാട്ടിലെ ജനങ്ങളെ നിയന്ത്രിക്കാൻ കഴിയുമെന്നാണ്. തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് മാത്രമേ തമിഴ്നാടിന്‍റെ ഭാവി നിശ്ചയിക്കാൻ കഴിയൂ എന്ന് അദ്ദേഹം മനസ്സിലാക്കുന്നില്ലെന്നും രാഹുൽ കൂട്ടിച്ചേര്‍ത്തു.
ഭാഷയുടെ പേരില്‍ ബിജെപി നടത്തിയ കാര്യങ്ങള്‍ ജനങ്ങള്‍ കണ്ടതാണ്. ഇപ്പോള്‍ അവര്‍ ഒരു ഭാഷ , ഒരു സംസ്കാരംഎന്നിവ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഇതിനെതിരേയാണ് നമ്മള്‍ പോരാടുന്നത്. വിവിധ സംസ്കാരം, ഭാഷ,ജനങ്ങള്‍ എന്നിവയോടൊന്നും മോദിക്ക് ഒരു ബഹുമാനവുമില്ല. തന്‍റെ ആശയത്തേക്കാള്‍ താഴെയായാണ് തമിഴ് ജനതയേയും സംസ്കാരത്തെയും മോദി കാണുന്നത്. തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ് അങ്ങനെ എല്ലാ ഭാഷയ്ക്കും രാജ്യത്ത് സ്ഥാനമുണ്ടെന്നും രാഹുല്‍ പറഞ്ഞു. തമിഴ്നാടുമായി തനിക്കുള്ള ബന്ധം രാഷ്ട്രീയപരം മാത്രമല്ലെന്നും കുടുംബപരമാണെന്നും രാഹുല്‍ വ്യക്തമാക്കി. നിങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ച് സേവനം ചെയ്യാനാണ് താനിവിടെ എത്തിയിട്ടുള്ളതെന്നും രാഹുല്‍ അറിയിച്ചു. മോദിയുടെ ജോലി ആളുകളെ വിഭജിക്കല്‍ ആണെന്നും തങ്ങളുടെ ജോലി ആളുകളെ ഒരുമിച്ച് നിര്‍ത്തലാണെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ട് തമിഴ്നാട്ടിൽ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതാണ് രാഹുൽ ഗാന്ധി. കെ കാമരാജ്, എം ജി ആര്‍, കരുണാനിധി, ജയലളിത തുടങ്ങിയ നേതാക്കളുടെ സ്മൃതിമണ്ഡപങ്ങളില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി.