തിരുവള്ളൂർ (തമിഴ്‌നാട്) : ഇരിക്കാൻ കസേര എത്തിക്കാൻ വൈകിയെന്ന് ആരോപിച്ച് പാർട്ടി പ്രവർത്തകർക്ക് നേരെ കല്ലെടുത്തെറിഞ്ഞ് മന്ത്രി. തമിഴ്‌നാട് ക്ഷീര വികസന മന്ത്രി എസ്എം നാസറാണ് പ്രവർത്തകർക്ക് നേരെ കല്ലെടുത്ത് എറിഞ്ഞത്. തമിഴ്‌നാട് തിരുവള്ളൂരാണ് സംഭവം.
ഇവിടെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ നാളെ(25-1-2023) പങ്കെടുക്കുന്ന പരിപാടിയുടെ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി എത്തിയതായിരുന്നു എസ്എം നാസർ. ഇതിനിടെ തനിക്ക് ഇരിക്കാൻ കസേര കൊണ്ടുവരാൻ വൈകി എന്ന് ആരോപിച്ച് മന്ത്രി ദേഷ്യപ്പെടുകയും പ്രവർത്തകർക്ക് നേരെ കല്ലെറിയുകയുമായിരുന്നു.
മന്ത്രി ഡിഎംകെ പ്രവർത്തകരോട് ദേഷ്യപ്പെടുന്നതും കല്ലെറിയുന്നതും വീഡിയോയിൽ കാണാം. ആദ്യമായല്ല എസ്എം നാസര്‍ വിവാദത്തില്‍പ്പെടുന്നത്. കേന്ദ്ര സര്‍ക്കാര്‍ ചരക്ക് സേവന നികുതി (ജിഎസ്‌ടി) ചുമത്തിയതിനാലാണ് പാലിന്‍റെ വില വര്‍ധിച്ചതെന്ന എസ്എം നാസറിന്‍റെ വാദം വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.