ആഗ്ര: ശാരദ് പൗര്‍ണമി നാളുകളില്‍ ആഗ്രയിൽ താജ്‌മഹൽ നാലു രാത്രികളിൽ സന്ദർശകർക്കുവേണ്ടി തുറന്ന് നൽകുമെന്ന് സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റ് രാജ്‌കുമാർ പട്ടേൽ. വെള്ളിയാഴ്‌ച താജ്‌മഹൽ അടച്ചിട്ടിരിക്കുന്നതിനാൽ ശനിയാഴ്‌ച മുതൽ ചൊവ്വാഴ്‌ച വരെ നാല് ദിവസങ്ങളിൽ വിനോദസഞ്ചാരികളെ രാത്രി സ്‌മാരകം കാണാൻ അനുവദിക്കും. രാത്രി സന്ദർശനത്തിന് ഒരു ദിവസം മുൻപ് കൗണ്ടറിൽ നിന്ന് ടിക്കറ്റ് വാങ്ങാം.
ഒക്‌ടോബർ 9,10 തിയതികളിലാണ് ശാരദ് പൂർണിമ. ഈ ദിവസങ്ങളിൽ ചന്ദ്രപ്രകാശം താജ്‌മഹലിന്‍റെ വ്യത്യസ്‌ത കോണുകളിൽ പതിക്കുമ്പോൾ സ്‌മാരകത്തിന്‍റെ മാർബിളുകൾ അതിമനോഹരമായി തിളങ്ങും. ഈ കാഴച കാണാൻ ലോകമെമ്പാടുമുള്ള നിരവധി വിനോദ സഞ്ചാരികൾ ഇവിടെ എത്താറുണ്ട്. കഴിഞ്ഞ വർഷം എല്ലാ മാസവും പൂർണിമ നാളുകളിൽ അഞ്ച് ദിവസം രാത്രി സന്ദർശനത്തിനായി താജ്‌മഹൽ തുറന്നിരുന്നു.
രാത്രി 8.30 മുതൽ പുലർച്ചെ 12.30 വരെ എട്ട് സ്ലോട്ടുകളായി തിരിച്ച് 400 പേർക്ക് മാത്രമേ രാത്രി കാണാനുള്ള സൗകര്യം ലഭ്യമാകൂ.