ന്യൂഡല്‍ഹി : സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാരുടെ നിക്ഷേപം വന്‍ തോതില്‍ വര്‍ധിച്ചുവെന്ന റിപ്പോര്‍ട്ടുകളെ തള്ളി ധനകാര്യമന്ത്രാലയം. 2019 ല്‍ 6,625 കോടിയായിരുന്ന നിക്ഷേപം 2020 അവസാനത്തോടെ 20,700 ആയി വര്‍ധിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്ന് മന്ത്രാലയം പറഞ്ഞു.
നിക്ഷേപങ്ങളിലുണ്ടായ വര്‍ധനവുകളെ കുറിച്ച് സ്വിസ് ബാങ്ക് അധികൃതരില്‍ നിന്ന് വിവരം തേടുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. സ്വിസ് ബാങ്ക് അക്കൗണ്ടുകളില്‍ ഇന്ത്യക്കാരുടെ നിക്ഷേപം കുതിച്ചുയര്‍ന്നെന്നും 13 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ വര്‍ധനവാണിതെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
സ്വിസ് അക്കൗണ്ടുകളില്‍ നേരിട്ടുള്ള നിക്ഷേപങ്ങള്‍ കുറഞ്ഞുവെന്നും സ്വിസ് കേന്ദ്ര ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോര്‍ട്ടുകള്‍ തള്ളി മന്ത്രാലയം രംഗത്തെത്തിയത്.
Also read: ആർബിഐ നേരിടാൻ പോകുന്നത് കനത്ത വെല്ലുവിളിയെന്ന് എസ്ബിഐ ഇക്കോറാപ്പ് റിപ്പോർട്ട്
നിക്ഷേപവുമായി ബന്ധപ്പെട്ട് ബാങ്കുകൾ സ്വിസ് നാഷണൽ ബാങ്കിന് (എസ്എൻബി) സമര്‍പ്പിച്ച കണക്കുകള്‍ ഔദ്യോഗിക കണക്കുകളാണെന്നും സ്വിറ്റ്സർലൻഡിൽ ഇന്ത്യക്കാർ കൈവശം വച്ചിരിക്കുന്ന കള്ളപ്പണത്തിന്‍റെ അളവ് സൂചിപ്പിക്കുന്നതല്ലെന്നും മന്ത്രാലയം പുറത്ത് വിട്ട പ്രസ്‌താവനയില്‍ പറയുന്നു. എന്നാല്‍ നേരിട്ടുള്ള നിക്ഷേപം 2019 അവസാനത്തോടെ കുറഞ്ഞുവെന്നത് സത്യമാണെന്നും മന്ത്രാലയം ട്വീറ്റില്‍ പറഞ്ഞു.