ലഖ്‌നൗ: ശരീരത്തിലെ ഓരോ ഭാഗത്തിനും അതിന്‍റേതായ പ്രത്യേകതകളും പ്രാധാന്യവുമുണ്ട്. അവയവങ്ങളിലെ ഏതെങ്കിലും ഒന്നിന് വല്ലതും സംഭവിക്കുമ്പോഴാണ് അത് എത്രത്തോളം നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയിരുന്നെന്ന് നമുക്ക് മനസിലാക്കാനാവുക. പ്രത്യേകിച്ചും കണ്ണ്, മൂക്ക്, ചെവി തുടങ്ങിയ അവയവങ്ങള്‍ക്ക് വല്ലതും സംഭവിച്ചാല്‍ അത് ജീവിതത്തെ ഏറെ പ്രയാസത്തിലാക്കും.
ചെവിയെ ബാധിക്കുന്ന കേള്‍വിക്കുറവ് എന്നത് നിരവധിയാളുകളില്‍ കാണപ്പെടുന്ന അവസ്ഥയാണ്. ഇത്തരത്തിലുളള അവസ്ഥകള്‍ക്ക് കാരണം ചിലപ്പോള്‍ ജീവിതത്തില്‍ ഓരോരുത്തരും ചെയ്‌തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തികളായേക്കാം. ഇത്തരത്തിലുള്ള ഒരു പഠന റിപ്പോര്‍ട്ടാണ് അടുത്തിടെയായി പുറത്തുവന്നിരിക്കുന്നത്.
ഓട്ടിറ്റിസ് എക്‌സ്‌റ്റോര്‍ന & സ്വിമ്മിങ് ഇയേഴ്‌സ്: വാട്ടര്‍ പാര്‍ക്കുകളിലോ, പുഴയിലോ കുളങ്ങളിലോ സ്ഥിരമായെത്തുന്ന കുട്ടികളില്‍ ചെവിയിലെ അണുബാധ വര്‍ധിക്കാനുള്ള സാധ്യത കൂടുതലെന്ന് ഡോക്‌ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. വാട്ടര്‍ പാര്‍ക്കുകളിലോ ജലാശയങ്ങളിലോ മുങ്ങുമ്പോള്‍ ചെവിയില്‍ പ്രവേശിക്കുന്ന വെള്ളം ബാക്‌ടീരിയ വളരാന്‍ കാരണമാകുന്നു. ഇത്തരത്തില്‍ വളരുന്ന ബാക്‌ടീരിയ മൂലമുണ്ടാകുന്ന അണുബാധ, പിന്നീട് കേള്‍വിക്കുറവ് പോലുള്ള അസുഖങ്ങളിലേക്ക് നയിക്കും.
ഈ അസുഖമാണ് ഓട്ടിറ്റിസ് എക്‌സ്‌റ്റോര്‍ന അല്ലെങ്കില്‍ സ്വിമ്മിങ് ഇയേഴ്‌സ് എന്ന് അറിയപ്പെടുന്നത്. ചെവിയില്‍ വെള്ളം കയറിയത് മൂലം ഈര്‍പ്പമുണ്ടാകുകയും അതിനെ തുടര്‍ന്ന് ബാക്‌ടീരിയ വളരുകയുമാണ് ചെയ്യുന്നത്.
ചെവിയിലെ അണുബാധയുടെ ലക്ഷണങ്ങള്‍: ചെവിയില്‍ വേദന, ചുവപ്പ് നിറം, വീക്കം എന്നിവയാണ് അണുബാധയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍. ചിലരില്‍ ചെവി വേദനയും വീക്കവും അധികമാകുമ്പോള്‍ പനിയും കാണാറുണ്ട്.
അസുഖങ്ങള്‍ അധികരിക്കുന്നത് വേനലില്‍: വേനല്‍ക്കാലം കടുക്കുമ്പോഴാണ് കുട്ടികളില്‍ ഇത്തരം അസുഖങ്ങള്‍ വര്‍ധിക്കുന്നതായി കാണുന്നതെന്ന് ഡോക്‌ടര്‍മാര്‍ പറയുന്നു. വേനല്‍ക്കാലത്തെ അമിത ചൂടും മധ്യവേനലധിക്കാലവുമെല്ലാം ആസ്വദിക്കാന്‍ നിരവധി പേര്‍ വാട്ടര്‍ പാര്‍ക്കുകളില്‍ സന്ദര്‍ശനത്തിനെത്തുന്നതാണ് ഇതിന് കാരണമെന്നും ഡോക്‌ടര്‍മാര്‍ പറയുന്നു. കുട്ടികള്‍ വാട്ടര്‍ പാര്‍ക്കുകളില്‍ ഏറെ നേരം കളിക്കുന്നതാണ് അസുഖം ബാധിക്കുന്നതിന് കാരണമാകുന്നത്. വേനല്‍ക്കാലത്ത് ഇത്തരം കേസുകളില്‍ വന്‍ വര്‍ധനവ് ഉണ്ടാകുന്നുണ്ടെന്ന് ഓട്ടോലാറിഗോളജിസ്റ്റ് രാജേഷ് കപൂര്‍ പറഞ്ഞു.
വെള്ളത്തില്‍ മുങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: വാട്ടര്‍ പാര്‍ക്കുകളില്‍ സന്ദര്‍ശനം നടത്തുന്നവര്‍ ഇക്കാര്യത്തില്‍ ബോധവാന്മാരാകണമെന്ന് ഡോക്‌ടര്‍ രാജേഷ് കപൂര്‍ പറഞ്ഞു. നീന്താനോ വെള്ളത്തില്‍ മുങ്ങാനോ ഉദ്ദേശിക്കുന്നവര്‍ വെള്ളം ചെവിയിലേക്ക് പ്രവേശിക്കാത്ത വിധമുള്ള ഇയര്‍പ്ലഗുകള്‍ ഉപയോഗിക്കുന്നത് അണുബാധ തടയുന്നതിന് സഹായിക്കുമെന്ന് ഡോക്‌ടര്‍ പറയുന്നു. വാട്ടര്‍ പാര്‍ക്കുകളില്‍ നിന്ന് തിരിച്ചിറങ്ങുമ്പോള്‍ ചെവി ഉണങ്ങിയ ടവ്വല്‍ ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കണം.
ചെവിയിലെ വെള്ളം ഉണക്കുന്നതിനായി ചെറിയ ചൂടിലുള്ള ബ്ലോ ഡ്രയര്‍ ഉപയോഗിക്കുന്നതും നല്ലതാണ്. വെള്ളത്തില്‍ ദീര്‍ഘനേരം ചെലവഴിക്കുന്നതാണ് ഇത്തരം അവസ്ഥകള്‍ക്ക് കാരണമെന്ന് കെജിഎംയുവിലെ ഓട്ടോലാറിഗോളജി വിഭാഗം മേധാവി ഡോ. വീരേന്ദ്ര വര്‍മ്മ പറഞ്ഞു. ചെവിയില്‍ പ്രവേശിക്കുന്ന വെള്ളം നീക്കം ചെയ്‌ത് ഉള്ളിലെ പിഎച്ച് കൃത്യമായി നിലനിര്‍ത്തുന്നതിനുമായി പ്രത്യേക ലായനികള്‍ (Cleaning solutions) ഉപയോഗിക്കാമെന്നും ഡോക്‌ടര്‍ വീരേന്ദ്ര വര്‍മ്മ പറഞ്ഞു.
സ്വയം ചികിത്സ അപകടമെന്ന് ഡോക്‌ടര്‍മാര്‍: വാട്ടര്‍ പാര്‍ക്കുകളിലെയോ സ്വിമ്മിങ് പൂളുകളിലെയോ സന്ദര്‍ശനത്തിന് ശേഷം ചെവിയില്‍ അസുഖങ്ങളോ പ്രയാസങ്ങളോ ഉണ്ടായാല്‍ സ്വയം ചികിത്സ നടത്തുന്നത് അപകടമാണെന്ന് അലിഗഞ്ചിലെ സ്വകാര്യ ആശുപത്രിയിലെ ഇഎന്‍ടി സര്‍ജന്‍ പറഞ്ഞു. ഡോക്‌ടര്‍മാരുടെ നിര്‍ദേശമില്ലാതെ സ്വയം ചികിത്സ നടത്തുന്നവരില്‍ അണുബാധയുടെ തോത് വര്‍ധിക്കുകയും അത് പിന്നീട് കേള്‍വിക്കുറവ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
പാര്‍ക്ക് അധികൃതരും ശ്രദ്ധിക്കേണ്ടതുണ്ട്: കുട്ടികളേയും മുതിര്‍ന്നവരേയും ഒരു പോലെ ബാധിക്കുന്ന ഈ പ്രയാസങ്ങള്‍ ഇല്ലാതാക്കാനായി സ്വയം പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് പുറമെ ഇത്തരം വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി വാട്ടര്‍ പാര്‍ക്ക് അധികൃതര്‍ക്ക് ബോധവത്‌കരണം നല്‍കുവാനുള്ള സാഹചര്യവും ബന്ധപ്പെട്ട അധികൃതര്‍ ഒരുക്കണം. വാട്ടര്‍ പാര്‍ക്കുകളിലെ വെള്ളം നിരന്തരം അണുവിമുക്തമാക്കുകയും വേണം. വാട്ടര്‍ പാര്‍ക്കുകളില്‍ എത്തുന്നവരോട് ചെവിയുടെ സംരക്ഷണത്തിനായി മുന്‍കരുതലെടുക്കാന്‍ അധികൃതര്‍ തയ്യാറാകണം. ഇത്തരം കാര്യങ്ങളില്‍ പാര്‍ക്ക് അധികൃതര്‍ ശ്രദ്ധ ചെലുത്തുകയാണെങ്കില്‍ സുരക്ഷിതവും ആസ്വാദ്യകരവുമായ വേനലവധിക്കാലം കുട്ടികള്‍ക്ക് സമ്മാനിക്കാനാവും.