ന്യൂഡൽഹി : മാലിന്യ സംസ്കരണ പദ്ധതികൾക്കായി ഗ്രാമങ്ങൾക്ക് സ്വച്ഛ് ഭാരത് മിഷൻ വഴി തുക അനുവദിച്ച് കേന്ദ്ര സർക്കാർ. ഖര- ദ്രവ മാലിന്യ സംസ്കരണ പദ്ധതികൾക്കാണ് ഫണ്ട് അനുവദിച്ചത്. രണ്ട് ലക്ഷം ഗ്രാമങ്ങൾക്കായി 40,700 കോടി രൂപയാണ് അനുവദിച്ചതെന്ന് ജൽ ശക്തി മന്ത്രാലയം അറിയിച്ചു.
പദ്ധതിയുടെ കേന്ദ്ര വിഹിതം 14,000 കോടി രൂപയാണ്. 8300 കോടിരൂപ സംസ്ഥാനങ്ങൾ കണ്ടെത്തണം. 12,730 കോടി രൂപ പതിനഞ്ചാം ധനകാര്യ കമ്മിഷൻ വഴിയും 4,100 കോടിയോളം രൂപ എംജിഎൻആർജിഎസിൽ( MGNREGS) നിന്നും ലഭ്യമാക്കും.
ബിസിനസ് മോഡൽ, സിഎസ്‌ആർ, മറ്റ് പദ്ധതികൾ മുതലായവ വഴി 1500 കോടി രൂപ സംസ്ഥാനങ്ങൾ നിക്ഷേപിക്കും. പദ്ധതിക്ക് ജൽ ശക്തി മന്ത്രാലയം അംഗീകാരം നൽകി.
Also Read: ചെറുകിട വ്യവസായങ്ങൾക്ക് മൊറട്ടോറിയം ; മുഖ്യമന്ത്രിമാർക്ക് കത്തെഴുതി എം.കെ സ്റ്റാലിൻ
2021-2022 ൽ സ്വച്ഛ് ഭാരത് മിഷൻ ഗ്രാമീണിന്‍റെ രണ്ടാം ഘട്ടമാണ് നടപ്പിലാക്കുന്നത്. 50 ലക്ഷത്തിലധികം വ്യക്തിഗത ഗാർഹിക ശൗചാലയങ്ങൾ , ഒരു ലക്ഷം പൊതു ശൗചാലയങ്ങൾ, 2400 ബ്ലോക്കുകളിൽ പ്ലാസ്റ്റിക് മാലിന്യ നിർമാർജന യൂണിറ്റുകൾ, 386 ജില്ലകളിൽ ഗോബർദ്ധൻ പദ്ധതികൾ, സെപ്റ്റിക് ടാങ്കുകളുടെ നിർമാണം തുടങ്ങിയവയുടെ പൂർത്തീകരണമാണ് പദ്ധതി ലക്ഷ്യമിടുന്നത്.