കൊൽക്കത്ത: നന്ദിഗ്രാമിലെ ബിജെപി സ്ഥാനാർഥി സുവേന്ദു അധികാരി വോട്ട് രേഖപ്പെടുത്തി. നന്ദിഗ്രാമിലെ നന്ദനായക്ബർ പ്രൈമറി സ്‌കൂളിലെ 76-ാം ബൂത്തിലാണ് സുവേന്ദു അധികാരി വോട്ട് ചെയ്‌തത്. ജനങ്ങൾ വികസനമാണ് പ്രതീക്ഷിക്കുന്നതെന്നും സാഹചര്യങ്ങൾ നിലവിൽ നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം പ്രതികരിച്ചു.
സംസ്ഥാനത്തെ യുവാക്കളും കർഷകരും മമതാ ബാനർജി സർക്കാരിന് എതിരാണെന്നും ബംഗാളിലെ ജനത ഭരണത്തിൽ സംതൃപ്‌തരല്ലെന്നും അദ്ദേഹം പറഞ്ഞു. നന്ദിഗ്രാമിലെ താൻ വിജയിക്കുകയാണെങ്കിൽ അത് ബിജെപിയുടെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടാം ഘട്ട വോട്ടെടുപ്പിൽ വോട്ടിങ് ശതമാനം 58 മുതൽ 80 ശതമാനം വരെയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ ബിജെപി സ്ഥാനാർഥിയായി നന്ദിഗ്രാമിൽ നിന്ന് മത്സരിക്കുന്ന നേതാവാണ് സുവേന്ദു അധികാരി.