ന്യൂഡല്‍ഹി: ലോക്‌സഭ സെക്രട്ടേറിയറ്റിനെതിരെ ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസല്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. ഹര്‍ജിയില്‍ ചൊവ്വാഴ്‌ച വാദം കേള്‍ക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഫൈസലിന്‍റെ ഹര്‍ജി പരിഗണിക്കുക.
വധശ്രമ കേസില്‍ പത്ത് വര്‍ഷത്തെ തടവ് ശിക്ഷ കേരള ഹൈക്കോടതി സ്റ്റേ ചെയ്‌തിട്ടും ലോക്‌സഭ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയ വിജ്ഞാപനം പിന്‍വലിക്കാത്തതിനെ തുടര്‍ന്നാണ് മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയെ സമീപിച്ചത്. തനിക്കെതിയുള്ള കേസ് ജനുവരി 25ന് ഹൈക്കോടതി സ്റ്റേ ചെയ്‌തു എന്നും കേസിന് സ്റ്റേ വന്നിട്ടും തന്നെ ലോക്‌സഭ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കി കൊണ്ട് ജനുവരി 13ന് ഇറക്കിയ വിജ്ഞാപനം പിന്‍വലിച്ചില്ല എന്നുമാണ് ഫൈസല്‍ ഹര്‍ജിയില്‍ പറയുന്നത്.
ഫൈസലിനെ അയോഗ്യനാക്കിയതിന് പിന്നാലെ ലക്ഷദ്വീപില്‍ നടത്താനിരുന്ന ഉപതെരഞ്ഞെടുപ്പ് പിന്നീട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പിന്‍വലിച്ചിരുന്നു. വിഷയത്തില്‍ തീരുമാനം വൈകുന്നതിനാല്‍ ലോക്‌സഭയുടെ രണ്ട് സെഷനുകള്‍ തനിക്ക് നഷ്‌ടമാകുമെന്നും മുഹമ്മദ് ഫൈസല്‍ ഹര്‍ജിയില്‍ പറയുന്നുണ്ട്.
മുന്‍ കേന്ദ്ര മന്ത്രിയുടെ മരുമകനെ വധിക്കാന്‍ ശ്രമിച്ചു: 2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് ഇടെയാണ് ഫൈസലിനെതിരായ കേസിന് ആസ്‌പദമായ സംഭവം. കോണ്‍ഗ്രസ് പ്രവര്‍ത്തകനും മുന്‍ കേന്ദ്ര മന്ത്രി പി എം സയീദിന്‍റെ മരുമകനുമായ മുഹമ്മദ് സാലിഹിനെ വധിക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു കേസ്. സംഭവത്തില്‍ കവരത്തി ജില്ല സെഷന്‍സ് കോടതി പത്ത് വര്‍ഷം തടവിന് ശിക്ഷിച്ചതിനു പിന്നാലെയാണ് എന്‍സിപി നേതാവായ മുഹമ്മദ് ഫൈസലിന്‍റെ ലോക്‌സഭ അംഗത്വം നഷ്‌ടമായത്.
ജനുവരി 11 മുതല്‍ ഫൈസലിനെ ലോക്‌സഭ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയതായി ജനുവരി 13ന് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ലോക്‌സഭ സെക്രട്ടേറിയറ്റ് പറയുന്നു. ഫൈസലിന്‍റെ അപ്പീല്‍ പരിഗണിച്ച് കവരത്തി ജില്ല സെഷന്‍സ് കോടതിയുടെ ഉത്തരവ് ജനുവരി 25ന് കേരള ഹൈക്കോടതി സ്റ്റേ ചെയ്യുകയുണ്ടായി. ഇതിന് ശേഷവും അയോഗ്യനാക്കിയ വിജ്ഞാപനം പിന്‍വലിക്കാന്‍ ലോക്‌സഭ സെക്രട്ടേറിയറ്റ് തയാറായില്ലെന്നാണ് ഫൈസല്‍ ഉന്നയിക്കുന്ന ആരോപണം.
വിജ്ഞാപനം പിന്‍വലിക്കാത്തതിന് പുറമെ ബജറ്റ് സമ്മേളനത്തിലും നിലവില്‍ നടക്കുന്ന സമ്മേളനത്തിലും പങ്കെടുക്കുന്നതിന് എനുമതി നിഷേധിച്ചതായും അഭിഭാഷകൻ കെ ആർ ശശിപ്രഭു മുഖേന സുപ്രീം കോടതിയിൽ സമർപ്പിച്ച ഹര്‍ജിയില്‍ മുഹമ്മദ് ഫൈസല്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അഭിഷേക് സിംഗ്വി ആണ് ഫൈസലിന് വേണ്ടി ഹാജരാകുന്നത്.
കേസുകള്‍ വേറെയും: സാലിഹ് വധശ്രമം കൂടാതെ മുഹമ്മദ് ഫൈസലിന്‍റെ പേരില്‍ മറ്റു ചില കേസുകളും നിലവിലുണ്ട്. ശ്രീലങ്കയിലേക്ക് ട്യൂണ മത്സ്യം കയറ്റിയയച്ചതില്‍ ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ ഫൈസലിനെതിരെ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സിബിഐ കേസെടുത്തിരുന്നു. സംഭവത്തില്‍ ഫൈസലിന്‍റെ ഡല്‍ഹിയിലെയും ലക്ഷദ്വീപിലെയും വസതികളില്‍ സിബിഐ പരിശോധന നടത്തുകയും ചെയ്യുകയുണ്ടായി. 2016-17 കാലയളവില്‍ ഉയര്‍ന്ന വില നല്‍കാം എന്ന് ഉറപ്പ് നല്‍കി ലക്ഷദ്വീപ് കോ ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ് വഴി മത്സ്യത്തൊഴിലാളികലില്‍ നിന്ന് ഉണങ്ങിയ ട്യൂണമത്സ്യം വാങ്ങി സ്വകാര്യ ഏജന്‍സി മുഖേന ശ്രീലങ്കയിലേക്ക് കയറ്റിയയച്ച സംഭവത്തിലാണ് കേസ്.