ന്യൂഡല്‍ഹി: രണ്ടായിരം രൂപയുടെ നോട്ട് ഘട്ടംഘട്ടമായി പിന്‍വലിക്കണമെന്ന് രാജ്യസഭയില്‍ ആവശ്യപ്പെട്ട് ബിജെപി എംപി സുശീല്‍ കുമാര്‍ മോദി. രണ്ടായിരം രൂപയോടെ നോട്ട് ബാങ്കില്‍ നിന്ന് മാറുന്നതിനായി രണ്ട് വര്‍ഷത്തെ സമയം അനുവദിക്കണം. ഭൂരിപക്ഷം എടിഎമ്മുകളിലും രണ്ടായിരം രൂപയുടെ നോട്ട് ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
രണ്ടായിരം രൂപയുടെ നോട്ട് ഉടനെ നിരോധിക്കുമെന്ന വാര്‍ത്തകള്‍ ജനങ്ങളുടെ ഇടയില്‍ പ്രചരിക്കുന്നുണ്ട്. ഈ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തത വരുത്തണം. രണ്ടായിരം രൂപ അച്ചടിക്കുന്നത് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആര്‍ബിഐ നിര്‍ത്തിവച്ചിരിക്കുകയാണെന്നും ശൂന്യവേളയില്‍ സുശീല്‍ കുമാര്‍ മോദി വ്യക്തമാക്കി.
500 രൂപയും 1000 രൂപയും കേന്ദ്ര സര്‍ക്കാര്‍ ഒറ്റയടിക്ക് നിരോധിച്ച വേളയിലാണ് രണ്ടായിരം രൂപയുടെ നോട്ടും അഞ്ഞൂറ് രൂപയുടെ പുതിയ നോട്ടും ആര്‍ബിഐ ഇറക്കുന്നത്. ആയിരം രൂപ ഇപ്പോള്‍ സര്‍ക്കുലേഷനില്‍ ഇല്ലാത്ത സാഹചര്യത്തില്‍ രണ്ടായിരം രൂപയുടെ നോട്ട് നിലനിര്‍ത്തുന്നതില്‍ യാതൊരു യുക്തിയും ഇല്ല. വികസിത രാജ്യങ്ങളില്‍ ഉയര്‍ന്ന അക്കത്തിലുള്ള നോട്ടുകള്‍ ഇല്ല.
പണം പൂഴ്‌ത്തിവെപ്പിനും ലഹരി അടക്കമുള്ള അനധികൃതവ്യാപാരത്തിലും രണ്ടായിരം രൂപയുടെ നോട്ടുകള്‍ ഉപയോഗിക്കുന്നുണ്ട്. കള്ളപ്പണവുമായി രണ്ടായിരം രൂപയുടെ നോട്ടുകള്‍ക്ക് അഭേദ്യമായ ബന്ധം ഉണ്ടെന്നും സുശീല്‍ കുമാര്‍ പറഞ്ഞു.
രണ്ടായിരം രൂപയുടെ നോട്ടുകള്‍ വിപണിയില്‍ ഇറക്കാതിരിക്കാന്‍ ബാങ്കുകള്‍ക്ക് യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരമന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ വ്യക്തമാക്കിയിരുന്നു. രണ്ടായിരം രൂപയുടെ നോട്ടുകള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നതിനായി എടിഎമ്മുകള്‍ റീകാലിബ്രേറ്റ് ചെയ്യുന്നു എന്ന വാര്‍ത്തകള്‍ക്കിടയിലായിരുന്നു നിര്‍മല സീതാരാമന്‍റെ വിശദീകരണം.