ന്യൂഡൽഹി: കഴിഞ്ഞ ദിവസം വിരമിച്ച സുനിൽ അറോറയ്ക്ക് പകരമായി തെരഞ്ഞെടുപ്പ് കമ്മിഷണർ സുശീൽ ചന്ദ്ര ഇന്ത്യയുടെ 24-ാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി ചുമതലയേറ്റു. 2022 മെയ് 14 വരെയാണ് ചന്ദ്രയുടെ കാലാവധി.
2019 ഫെബ്രുവരി 14 നാണ് ചന്ദ്രയെ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചത്. സുനിൽ അറോറയ്ക്കും മുൻ തെരഞ്ഞെടുപ്പ് കമ്മിഷണർ അശോക് ലവാസയ്ക്കും ഒപ്പം അദ്ദേഹം ആ വർഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ വിജയകരമായ സംഘടന മേൽനോട്ടം വഹിച്ചിരുന്നു.
തെരഞ്ഞെടുപ്പ് കമ്മിഷണറായി ചുമതലയേറ്റ രണ്ടു വർഷത്തിനുള്ളില്‍ ചന്ദ്ര പത്തിലധികം സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കുകയും നാമനിർദ്ദേശ പ്രക്രിയ മുഴുവൻ ഓൺലൈനിൽ ആക്കുകയും ചെയ്‌തിരുന്നു. അറോറയുടെ നേതൃത്വത്തിലുള്ള പാനൽ അംഗമെന്ന നിലയിൽ അസം, കേരളം, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളിൽ അടുത്തിടെ സമാപിച്ച നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ സംഘാടനത്തിലും ചന്ദ്ര പങ്കാളിയായിരുന്നു.
പശ്ചിമ ബംഗാളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ അവസാന നാലു ഘട്ടങ്ങളുടെ മേൽനോട്ടം സുശീൽ ചന്ദ്രയുടെ നേതൃത്വത്തിലാകും നടക്കുക. പശ്ചിമ ബംഗാളിലെ അവസാന ഘട്ട തെരഞ്ഞെടുപ്പ് ഏപ്രിൽ 29 ന് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 2 ന് നടക്കും.