മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി ആശുപത്രി ജീവനക്കാരൻ. നടൻ ആത്മഹത്യ ചെയ്‌തതല്ല, മറിച്ച് കൊലപ്പെട്ടതാണെന്ന് ജൂഹുവിലെ ആർഎൻ കൂപ്പർ ആശുപത്രിയിലെ ജീവനക്കാരൻ ആരോപിച്ചു. സുശാന്തിന്‍റെ പോസ്റ്റ്‌മോർട്ടം നടത്തിയ ആശുപത്രിയിലെ ജീവനക്കാരനാണെന്ന് അവകാശപ്പെടുന്ന രൂപ് കുമാർ ഷായാണ് കേസ് കൊലപാതകമാണെന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്ന അവകാശവാദവുമായി രംഗത്തെത്തിയത്.
കൊലപാതക രഹസ്യം ആശുപത്രി അധികൃതർ മറച്ചുവയ്‌ക്കാൻ ശ്രമിക്കുകയാണെന്നും ഇയാൾ പറഞ്ഞു. സുശാന്തിന്‍റെ കഴുത്തിൽ ഉണ്ടായിരുന്ന പാടുകൾ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത് എന്ന് സൂചിപ്പിക്കുന്നവയാണ്. അതിന്‍റെ ചിത്രങ്ങൾ പരിശോധിച്ചാൽ മനസിലാകും. ഈ ഫോട്ടോകൾ പൊലീസിന്‍റെ പക്കലുണ്ട്.
ഞങ്ങൾ എല്ലാ മൃതദേഹങ്ങളും ആശുപത്രിയിൽ കൈകാര്യം ചെയ്യുന്നവരാണ്. സുശാന്തിന്‍റെ മൃതദേഹവും കണ്ടിരുന്നു എന്നും ഷാ കൂട്ടിചേർത്തു. തിങ്കളാഴ്‌ച മുംബൈയിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ സംഭാഷണത്തിലാണ് ഷാ ഈ പ്രസ്‌താവനകൾ നടത്തിയത്
ആത്മഹത്യ അസാധ്യം: സുശാന്തിന്‍റെ ശരീരം വികൃതമായ നിലയിലായിരുന്നു. ഒടിഞ്ഞ കാലുകളും കൈകളും കൊണ്ട് അയാൾക്ക് ഒരിക്കലും അത്തരത്തിലുള്ള ആത്മഹത്യ ശ്രമം സാധ്യമല്ല. കൂടാതെ സുശാന്തിന്‍റെ കഴുത്തിൽ കണ്ട മുറിവുകൾ സാധാരണ അത്തരത്തിൽ ആത്മഹത്യ ചെയ്യുന്ന ഒരാളിൽ കണ്ടെത്തുന്നതിൽ നിന്നും വ്യത്യസ്‌തമായിതുന്നു. സുശാന്തിന്‍റെ പോസ്‌റ്റ്‌മോർട്ടത്തിന് ഹാജരായ സംഘത്തിൽ അംഗമായിരുന്നതിനാൽ മൃതദേഹം അടുത്തുനിന്ന് തന്നെ താൻ കണ്ടിട്ടുണ്ടെന്നും ഷാ അവകാശപ്പെട്ടു.
മേലുദ്യോഗസ്ഥരെ എതിർക്കാൻ ധൈര്യം ഉണ്ടായില്ല: പോസ്‌റ്റ്‌മോർട്ടത്തിന്‍റെ വീഡിയോ ഷൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആരും അത് പരിഗണിച്ചില്ല. ഒന്നും ചെയ്യാൻ ആകാത്ത വിധത്തിൽ താൻ അവിടെ നിസഹായനായിരുന്നു. നവംബറിൽ ഞാൻ വിരമിക്കാനിരിക്കെയായിരുന്നതിനാൽ മേലുദ്യോഗസ്ഥർക്കെതിരെ നിലപാട് എടുക്കാനുള്ള ധൈര്യം ഉണ്ടായില്ലെന്നും അയാൾ പറഞ്ഞു.
ജീവന് ഭീഷണിയുണ്ട്, സംരക്ഷണം വേണം: എന്നാൽ എന്‍റെ മനസാക്ഷി എന്നെ ഇത് ചെയ്യാൻ അനുവദിക്കുന്നില്ലെന്നും ഈ വിവരം അറിയുന്ന മറ്റുള്ളവരെ കുറിച്ച് അറിയില്ലെന്നും മറച്ചുവച്ച ഈ സത്യം തന്നെ നിരന്തരം ചൂഷണം ചെയ്യുന്നതായും ഷാ പറഞ്ഞു. ഈ പ്രസ്‌താവന കൊണ്ട് തന്‍റെ ജീവന് അപകട ഭീഷണി ഉണ്ടെന്നും അതിനാൽ ഉന്നത അധികാരികളിൽ നിന്ന് സംരക്ഷണം ആവശ്യപ്പെടുന്നതായും ഷാ മാധ്യമങ്ങളോട് പറഞ്ഞു.
സത്യം മുഖ്യമന്ത്രിയെ അറിയിക്കാൻ ആഗ്രഹിക്കുന്നു: സത്യമുള്ള മനുഷ്യൻ സത്യത്തിന് വേണ്ടിയാണ് ജീവിക്കുന്നത്. സത്യമുള്ള മനുഷ്യൻ സത്യം സംസാരിക്കുന്നു. എന്‍റെ ജീവനെ ഓർത്ത് എനിക്ക് ആശങ്കയുണ്ട്. പക്ഷെ അധികാരത്തിലുള്ളവർ തന്നെ പിന്തുണയ്‌ക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഈ സത്യങ്ങൾ മുഖ്യമന്ത്രിയെ അറിയിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഷാ കൂട്ടിച്ചേർത്തു.
ALSO READ: സുശാന്ത് സിങിന്‍റെ മുന്‍ മാനേജര്‍ ദിശ സാലിയന്‍റേത് അപകടമരണമെന്ന് സിബിഐ
ബോളിവുഡ് യുവതാരങ്ങളില്‍ ശ്രദ്ധേയനായിരുന്ന സുശാന്ത് സിങ് രാജ്‌പുത്തിനെ 2020 ജൂൺ 14 നാണ് ബാന്ദ്രയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട് നിരവധി ഊഹാപോഹങ്ങൾ നടന്നിരുന്നു. ഇതിൽ കേസ് വിവാദങ്ങൾ നേരിടുന്നതിനിടയിലാണ് പുതിയ വെളിപ്പെടുത്തൽ. കേസ് രാഷ്‌ട്രീയവത്‌കരിക്കപ്പെടുകയും മരിച്ച നടന്‍റെ മുൻ കാമുകി റിയ ചക്രബർത്തി അന്വേഷണ സംഘത്തിന്‍റെ നിരീക്ഷണത്തിന് വിധേയയാകുകയും ചെയ്‌തിരുന്നു. ക്രമേണ ആത്മഹത്യയാണെന്ന നിഗമനത്തിൽ എത്തിയെങ്കിലും കാര്യമായ അന്വേഷണത്തിനൊടുവിൽ കേസ് സിബിഐക്ക് കൈമാറി.