ന്യൂഡൽഹി : അയോധ്യയിൽ രാമക്ഷേത്രം ഉയരുന്നതിൽ രാജ്യത്തെ 74 ശതമാനം മുസ്‌ലിങ്ങളും സന്തുഷ്‌ടരാണെന്ന് സർവേ. ആർഎസ്എസ് അനുബന്ധ സംഘടനായ 'മുസ്‌ലിം രാഷ്ട്രീയ മഞ്ച്' ദേശീയ തലത്തിൽ നടത്തിയ സർവേയിലാണ് കണ്ടെത്തൽ. ഗുജറാത്തിലെ സ്വതന്ത്ര സർവേ സ്ഥാപനമായ ആയുർവേദ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്‌റ്റിന്‍റെ സഹായത്തോടെയാണ് മുസ്‌ലിങ്ങൾക്കിടയിൽ എക്കാലത്തെയും വലിയ സർവേ നടത്തിയതെന്ന് മുസ്‌ലിം രാഷ്ട്രീയ മഞ്ച് അവകാശപ്പെട്ടു (Survey Finds Most Muslims Are Happy of Ram Mandir Consecration).
പല മുസ്‌ലിങ്ങളും ശ്രീരാമൻ എല്ലാവരുടേതുമാണെന്ന് കരുതുന്നു. അതുകൊണ്ട് രാമന്‍റെ പേരിൽ രാജ്യത്തെ അന്തരീക്ഷം കലുഷിതമാക്കാൻ ശ്രമിക്കുന്ന വിധ്വംസക ശക്തികൾക്ക് തക്കതായ മറുപടി നൽകേണ്ടതുണ്ട്. മറ്റൊരു മതത്തിന്‍റെ പുണ്യസ്ഥലം തകർത്ത് നിർമിച്ച പള്ളിയിൽ ആരാധന നടത്തുന്നത് ഇസ്‌ലാമിൽ ഹറാം (നിഷിദ്ധം) ആണെന്നും സർവേയിൽ പങ്കെടുത്ത പലരും നിലപാടെടുത്തതായി സർവേ നടത്തിയവർ അവകാശപ്പെട്ടു.
സർവേയിൽ അഭിപ്രായം രേഖപ്പെടുത്തിയ പല മുസ്‌ലിം സമുദായാംഗങ്ങളുടെയും അഭിപ്രായത്തിൽ അയോധ്യയിലെ രാമക്ഷേത്രം ഹിന്ദുക്കളുടെ വിശ്വാസത്തിന്‍റെ കേന്ദ്രമാണ്. അതിനാൽ ഭൂരിപക്ഷ ജനതയുടെ വിശ്വാസത്തെ മാനിക്കണമെന്നും നിരവധിപേർ അഭിപ്രായപ്പെട്ടു.
Also Read: നാഗര ശൈലിയില്‍ നിര്‍മാണം, 392 തൂണുകളും 44 വാതിലുകളും; അയോധ്യ രാമക്ഷേത്രത്തിന് പ്രത്യേകതകള്‍ ഏറെ
ഇസ്‌ലാമിന്‍റെ പേരിൽ രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുന്ന ഉലമാകളെയും മൗലാനമാരെയും പ്രതിപക്ഷ നേതാക്കളെയും പൂർണമായി ബഹിഷ്‌കരിക്കാന്‍ നിരവധി മുസ്‌ലിങ്ങള്‍ ആഗ്രഹിക്കുന്നതായും മുസ്‌ലിം രാഷ്ട്രീയ മഞ്ച് അവകാശപ്പെട്ടു. രാജ്യത്തെ മതമൗലികവാദം പൂർണമായി അവസാനിപ്പിക്കണമെന്ന് സർവേയിൽ പങ്കെടുത്ത നിരവധിപേർ അഭിപ്രായപ്പെട്ടു.
നരേന്ദ്ര മോദിയാണ് ഇന്ത്യയുടെ ഏറ്റവും മികച്ച പ്രധാനമന്ത്രിയെന്ന് സർവേയിൽ പങ്കെടുത്ത ബഹുഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടതായും സംഘാടകർ ചൂണ്ടിക്കാട്ടി. 70 ശതമാനം മുസ്‌ലിങ്ങളും മോദി സർക്കാരിൽ വിശ്വസിക്കുന്നു. 70 ശതമാനം മുസ്‌ലിങ്ങളും ഇന്ത്യ ഒരു ലോകശക്തിയായി വളർന്നു എന്ന് കരുതുന്നു. മോദി സർക്കാരിന് കീഴിൽ മുസ്‌ലിങ്ങൾ സുരക്ഷിതരാണെന്നും, മോദി സർക്കാരിൽ എല്ലാവരുടെയും വികസനത്തിന് തുല്യ അവസരമുണ്ടെന്നും മുസ്‌ലിം രാഷ്ട്രീയ മഞ്ച് നടത്തിയ സർവേയിൽ കണ്ടെത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി കാരണം ബിജെപിയിൽ വിശ്വാസം വർധിച്ചതായും സർവേയിൽ പങ്കെടുത്ത പലരും അഭിപ്രായപ്പെട്ടു. ജൻധൻ യോജന, ഇസ്സാത് ഘർ, ശൗചാലയ നിർമാണം, ഉജ്ജ്വല്‍ യോജന, സൗജന്യ റേഷൻ, പ്രധാനമന്ത്രി ആവാസ് യോജന എന്നിങ്ങനെയുള്ള ആനുകൂല്യങ്ങൾ മുസ്‌ലിങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നും സർവേയിൽ പങ്കെടുത്ത പലരും ചൂണ്ടിക്കാട്ടി.
Also Read: 70 ഏക്കറില്‍ പാർക്കിങ്, അഞ്ച് റെയില്‍വേ മേല്‍പ്പാലം: അയോധ്യ ഒരുങ്ങുന്നു, തീർഥാടകരെ സ്വീകരിക്കാൻ
രാജ്യത്തെ സാധാരണ മുസ്‌ലിങ്ങളും, ബുദ്ധിജീവികളും, ഉലമാമാരും, മൗലാനമാരും വിശ്വസിക്കുന്നത് വർഷങ്ങളായി തങ്ങളെ ആർഎസ്എസിന്‍റെയും ബിജെപിയുടെയും പേരിൽ തങ്ങളെ നിശബ്‌ദമായി ഭീഷണിപ്പെടുത്തുകയാണെന്നാണ്. ബിജെപിയിലും മോദി സർക്കാരിലും വിശ്വാസം സ്ഥാപിക്കാൻ മുസ്‌ലിങ്ങൾ മുന്നോട്ട് വരണമെന്നും, ചരിത്രപരമായ പ്രചാരണം നടത്തണമെന്നും മുസ്‌ലിം രാഷ്ട്രീയ മഞ്ച് പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.