ലക്‌നൗ: ഉത്തർപ്രദേശിൽ സർജിക്കൽ കിറ്റ് ഫാക്‌ടറിയിൽ ഉണ്ടായ തീപിടിത്തത്തിൽ യൂണിറ്റ് ഉടമ മരിച്ചു. കുനാൽ ബഹൽ (40) ആണ് മരിച്ചത്. രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ 14 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഗുരുതരമായി പൊള്ളലേറ്റവരെ ദില്ലിയിലെ സഫ്‌ദർജങ് ആശുപത്രിയിലേക്കും മറ്റുള്ളവരെ ഫാക്‌ടറിക്ക് സമീപമുള്ള വിവിധ ആശുപത്രികളിലേക്കും മാറ്റി. വ്യാഴാഴ്‌ച രാത്രി ഉണ്ടായ തീപിടിത്തത്തിൽ ഫാക്‌ടറി പൂർണമായും കത്തിനശിച്ചു.
സൈറ്റിലെ തൊഴിലാളികൾ ശസ്ത്രക്രിയ ടേപ്പുകളിൽ പശയായി ഉപയോഗിക്കുന്ന രാസവസ്‌തു ഉണ്ടാക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. നിർമാണത്തിന്‍റെ ഭാഗമായി രാസവസ്‌തു തിളപ്പിക്കുന്നതിനിടയിൽ അമിത ചൂട് കാരണം പൊട്ടിത്തെറിക്കുകയായിരുന്നു.
ഉത്തർപ്രദേശിലെ സാഹിബാബാദ് സൈറ്റ്-4 വ്യവസായ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ ഫാക്‌ടറി സ്വകാര്യ സർജിക്കൽ കിറ്റ് നിർമാതാക്കളായ ഐഫർ സർഗിമിദിന്‍റെ ഉടമസ്ഥതയിലുള്ളതാണ്. കൈയ്യുറകൾ, ബാൻഡേജ്, പിപിഇ കിറ്റുകൾ, സർജിക്കൽ മാസ്‌കുകൾ തുടങ്ങിയ ശസ്ത്രക്രിയാ ഉപകരണങ്ങളാണ് പ്രധാനമായും ഇവിടെ നിർമിക്കുന്നത്.