മുംബൈ: എൻസിപി പിളർപ്പ് വേദനാജനകമാണെന്ന് വർക്കിങ് പ്രസിഡന്‍റും എംപിയുമായ സുപ്രിയ സുലെ. ശരദ് പവാർ എല്ലാവരെയും കുടുംബാംഗങ്ങളെ പോലെയാണ് കണ്ടതെന്നും പാർട്ടിയെ പുനർനിർമിക്കാൻ ശ്രമിക്കുമെന്നും സുപ്രിയ പറഞ്ഞു. എൻസിപിയെ പിളർത്തി അജിത് പവാർ ഏകനാഥ് ഷിൻഡെ സർക്കാരിൽ ചേർന്നതിന് പിന്നാലെയാണ് സുപ്രിയയുടെ പ്രതികരണം.
എൻസിപിയെ അഴിമതിക്കാരുടെ പാർട്ടി എന്ന് വിളിച്ച ബിജെപി ഇപ്പോൾ തങ്ങളുടെ നേതാക്കളെ തന്നെ സ്വാഗതം ചെയ്യുന്നുവെന്നും സുപ്രിയ സുലെ പരിഹസിച്ചു. 'ബിജെപി 24x7 തെരഞ്ഞെടുപ്പ് മൂഡിലാണ്. എൻസിപിയെ അഴിമതിക്കാരായ പാർട്ടിയെന്ന് വിളിച്ച ബിജെപി ഇപ്പോൾ നമ്മുടെ നേതാക്കളെ സ്വാഗതം ചെയ്യുന്നു. എങ്ങനെ? ബിജെപിയുടെ സ്ഥാനാർഥി ആരായിരിക്കുമെന്നതിനെക്കുറിച്ച് ഞാൻ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ല' -സുപ്രിയ പറഞ്ഞു.
'ഞാൻ എന്‍റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞ് നോക്കുന്നതിനുപകരം, ഞാൻ എപ്പോഴും എൻസിപിക്കും സത്യത്തിനും ഒപ്പമാണ്. ഇത്തരം വെല്ലുവിളികളെ ഞാൻ എല്ലാ ദിവസവും അഭിമുഖീകരിക്കുന്നു. ഇത് എനിക്ക് ഒരു പുതിയ വെല്ലുവിളിയാണ്' -സുപ്രിയ വ്യക്തമാക്കി.
എൻസിപി നേതാക്കളുടെ മേൽ കേന്ദ്ര ഏജൻസി ചെലുത്തുന്ന സമ്മർദത്തെക്കുറിച്ചും സുപ്രിയ സൂചിപ്പിച്ചു. തങ്ങൾ അവരെ ഐസിഇ (ആദായ നികുതി, സിബിഐ, ഇഡി) എന്ന് വിളിക്കുന്നു. മിക്കപ്പോഴും ദേശീയ ഏജൻസികൾ പ്രതിപക്ഷ നേതാക്കൾക്കെതിരെ അന്വേഷണം നടത്തുന്നു. ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ താൻ ഒരിക്കലും കുറ്റപ്പെടുത്തില്ലെന്നും ഇത് സംഭവിക്കുന്നത് മറുഭാഗത്ത് നിന്നാണെന്ന് അറിയാമെന്നും അതുകൊണ്ട് താൻ ഇതിനെ ഐസിഇ എന്ന് വിളിക്കുന്നുവെന്നും സുപ്രിയ പറഞ്ഞു.
അജിത് പവാറിന്‍റെ ചിന്തകൾ തന്‍റെയും ശേഷിക്കുന്ന എൻസിപി നേതാക്കളുടെയും ചിന്തകളിൽ നിന്ന് വ്യത്യസ്‌തമായിരുന്നു എന്നും സുപ്രിയ വ്യക്തമാക്കി. എൻസിപിക്ക് പാർട്ടിക്കുള്ളിൽ ഒരിക്കലും വിദ്വേഷമോ തെറ്റിദ്ധാരണയോ ഉണ്ടായിരുന്നില്ല. അജിത് പവാറിന് വ്യത്യസ്‌ത ചിന്തകളുണ്ടായിരുന്നു. തങ്ങളുടെ എല്ലാ എംഎൽഎമാരെയും തങ്ങൾ ബഹുമാനിക്കുന്നുവെന്നും സുപ്രിയ കൂട്ടിച്ചേർത്തു.
അജിത് പവാർ ഏകനാഥ് ഷിൻഡെ സർക്കാരിൽ ചേരുന്നത് വേദനാജനകമാണെന്നും എന്നാൽ അദ്ദേഹവുമായുള്ള തന്‍റെ ബന്ധം അതേപടി തുടരുമെന്നും അവർ പറഞ്ഞു. അജിത് പവാറുമായുള്ള തന്‍റെ ബന്ധം മാറില്ല. അദ്ദേഹം എപ്പോഴും തന്‍റെ ജ്യേഷ്‌ഠനായി തുടരും. തങ്ങൾ പാർട്ടിയെ പുനർനിർമിക്കുമെന്നും എൻസിപി എംപി അറിയിച്ചു.
അജിത് പവാർ ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ ചേര്‍ന്നതിനോട് ശരദ് പവാറും പ്രതികരിച്ചിരുന്നു. എല്ലാവർക്കും സംസാരിക്കാനും അവരുടെ അഭിപ്രായങ്ങളിൽ ഉറച്ച് നിൽക്കാനും അവകാശമുള്ള ഒരു ജനാധിപത്യ രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. അജിത് പവാറിന്‍റെ നീക്കം അദ്ദേഹത്തിന്‍റെ സ്വന്തം തീരുമാനവും കാഴ്‌ചപ്പാടുമാണെന്നായിരുന്നു വിഷയത്തിൽ ശരദ് പവാറിന്‍റെ പ്രതികരണം.
ഇന്നലെ ഉച്ചയോടെയാണ് നാടകീയ നീക്കങ്ങൾക്കൊടുവിൽ 29 എംഎൽഎമാരെ ഒപ്പം കൂട്ടി അജിത് പവാർ എൻഡിഎയിൽ ചേർന്നത്. അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. ഒപ്പം മറ്റ് എട്ട് എൻസിപി നേതാക്കൾ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌തു.
ഛഗന്‍ ഭുജ്ബല്‍, സുനില്‍ വല്‍സാദെ, ധര്‍മറാവു അത്രം, ഹസന്‍ മുഷ്റിഫ്, അതിഥി താക്കറെ, ധനനി മുണ്ടെ, അനില്‍ പാട്ടീല്‍, ദലീപ് വല്‍സെപതി എന്നിവരാണ് മന്ത്രിസഭയിലേക്കെത്തിയ പുതിയ മന്ത്രിമാര്‍. ഗവര്‍ണര്‍ രമേഷ് ബൈസാണ് ഇവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.