ന്യൂഡൽഹി : കേസുകളിലെ അറസ്റ്റ് സംബന്ധിച്ച രാജസ്ഥാൻ ഹൈക്കോടതിയുടെ സിംഗിൾ ബഞ്ച് ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾക്ക് അറസ്റ്റ് ചെയ്യരുതെന്ന ജസ്റ്റിസ് പ്രകാശ് ഭണ്ഡാരി ബഞ്ചിന്‍റെ ഉത്തരവാണ് സുപ്രീം കോടതി ചൊവ്വാഴ്‌ച സ്‌റ്റേ ചെയ്‌തത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ജൂലൈ 17 വരെ ഇത്തരം കേസുകൾ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് വിചാരണയ്‌ക്ക് അയക്കണമെന്നായിരുന്നു പൊലീസ് ജനറലിന് നൽകിയ നിർദേശം. പരമാവധി മൂന്ന് വർഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾക്ക് ജാമ്യാപേക്ഷ നൽകരുതെന്നും വേനൽക്കാല അവധിക്കുശേഷം കോടതി വീണ്ടും തുറക്കുന്നതുവരെ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് വിചാരണ ചെയ്യാമെന്നും ജയ്‌പൂർ ബഞ്ച് രജിസ്ട്രാർക്കും ജോധ്പൂർ ബഞ്ച് രജിസ്ട്രാർക്കും ഇതേ ബഞ്ച് നിർദേശം നൽകിയിരുന്നു.
Also Read: ജനം കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ഗെലോട്ട്
അതേസമയം സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ അപ്പീൽ നല്‍കി ഹൈക്കോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയ, കേസുകളുടെ പട്ടികയിൽ മാത്രമേ ചീഫ് ജസ്റ്റിസിന് തീരുമാനമെടുക്കാൻ കഴിയൂവെന്ന് വാദിച്ചു. ജസ്റ്റിസ് വിനീത് സരൺ, ജസ്റ്റിസ് ബി ആർ ഗവായി എന്നിവരടങ്ങിയ ബഞ്ച് രാജസ്ഥാന്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു. വിഷയത്തില്‍ ആറ് ആഴ്‌ചയ്ക്കുള്ളിൽ പ്രതിവാദ സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അതിന് ശേഷം ഇക്കാര്യം വീണ്ടും സുപ്രീം കോടതി പരിഗണിക്കും. കഴിഞ്ഞ വർഷവും സമാനമായ ഉത്തരവ് ജസ്റ്റിസ് ഭണ്ഡാരിയുടെ ബഞ്ചില്‍ നിന്നുണ്ടായിരുന്നു. എന്നാൽ അതും സുപ്രീംകോടതി സ്‌റ്റേ ചെയ്തു.