ന്യൂഡൽഹി: നിയമസഭ കയ്യാങ്കളിക്കേസിൽ സർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. പൊതു താത്പര്യപ്രകാരമുള്ള ഹർജിയാണെന്ന സർക്കാർ വാദത്തെ സഭയിലെ വസ്തുക്കൾ നശിപ്പിച്ച കേസിൽ എന്ത് പൊതുതാത്പര്യമാണുള്ളതെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് മറുചോദ്യം ചോദിച്ചു. ജനാധിപത്യത്തിന്‍റെ ശ്രീകോവിലാണ് നിയമസഭയെന്നും, അതിലെ വസ്തുക്കൾ തല്ലിത്തകർക്കുന്നതിന് എന്ത് ന്യായീകരണമാണുള്ളതെന്നും സർക്കാരിന് വേണ്ടി ഹാജരായ രജ്ജിത് കുമാറിനോട് കോടതി ആരാഞ്ഞു.
ബജറ്റ് വതരണ വേളയിൽ ധനകാര്യ മന്ത്രിക്കെതിരെ അഴിമതി ആരോപണമുണ്ടായിരുന്നുവെന്നും ഇതിനെതിരെയാണ് പ്രതിഷേധിച്ചതെന്നും സർക്കാർ കോടതിയുടെ ശ്രദ്ധയിൽപെടുത്തി. കേസ് തീര്‍പ്പാക്കാനായി അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നൽകിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സർക്കാരിനെതിരെ വീണ്ടും കോടതി രൂക്ഷമായി വിമർശിച്ചത്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് എം.ആർ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സുപ്രീം കോടതിയിൽ നിന്ന് മുമ്പും വിമർശനം
നിയമസഭ കയ്യാങ്കളിക്കേസിൽ വി ശിവൻകുട്ടി ഉൾപ്പെടെയുള്ള എംഎൽഎമാരെ ശക്തമായി സുപ്രീം കോടതി വിമർശിച്ചിരുന്നു. ജൂലൈ അഞ്ചിന് കേസ് പരിഗണിച്ച സുപ്രീം കോടതി, കേസിൽ കടുത്ത വിമർശനങ്ങൾ സർക്കാരിനെതിരെ ഉന്നയിച്ചിരുന്നു.
കൂടാതെ ബജറ്റ് അവതരണത്തിനിടയിൽ മൈക്രോഫോൺ വലിച്ചെറിയുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു. സംസ്ഥാന ബജറ്റ് തടയാന്‍ ശ്രമിച്ചതിലൂടെ എന്തു സന്ദേശമാണ് നിങ്ങൾ ജനങ്ങൾക്ക് നൽകുന്നതെന്നും കേസ് പരിഗണിക്കവെ കോടതി ചോദിച്ചിരുന്നു.
READ MORE: നിയമസഭ കയ്യാങ്കളിക്കേസ്: പിൻവലിക്കാൻ സർക്കാരിന് കഴിയില്ലെന്ന് സുപ്രീം കോടതി