ന്യൂഡൽഹി: ഗുജറാത്ത് കലാപത്തിനിടെ തന്നെ കൂട്ടബലാത്സംഗം ചെയ്‌ത പ്രതികളെ വെറുതെ വിട്ടതിനെതിരെ ബില്‍ക്കിസ് ബാനു സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്‌റ്റിസുമാരായ അജയ് രസ്‌തോഗി, വിക്രം നാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഹർജി പരിഗണിക്കുന്ന ജഡ്‌ജിമാരിൽ ഒരാളായ ജസ്‌റ്റിസ് ബേല ത്രിവേദി കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു.
2022ലെ ഗുജറാത്ത് കലാപത്തിനിടെ തന്നെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തെ കൊലപ്പെടുത്തുകയും ചെയ്‌ത 11 പ്രതികളെ ശിക്ഷ കാലാവധി തീരുന്നതിന് മുൻമ്പ് വിട്ടയച്ച ഗുജറാത്ത് സർക്കാരിന്‍റെ നടപടിക്കെതിരെയാണ് ബിൽക്കിസ് ബാനു കോടതിയെ സമീപിച്ചത്. മോചനം ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ അപേക്ഷ പരിഗണിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീം കോടതി 2022 മെയ് 13 ന് ഉത്തരവിട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഗുജറാത്ത് സർക്കാർ 2022 ഓഗസ്‌റ്റ് 15നാണ് പ്രതികളെ മോചിപ്പിച്ചത്.
2008ൽ മുംബൈയിലെ പ്രത്യേക സിബിഐ കോടതിയാണ് കേസിലെ പ്രതികളായ 11 പേർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കേസിന്‍റെ വിചാരണ മഹാരാഷ്‌ട്രയിലാണ് നടന്നത്. അതിനാൽ ഗുജറാത്തിലെ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രതികളെ വിട്ടയക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിൽക്കിസ് ബാനു ഹർജി സമർപ്പിച്ചത്.
2002 മാർച്ചിൽ ഗോധ്ര സംഭവത്തിന് ശേഷമുണ്ടായ കലാപത്തിനിടെയാണ് അഞ്ച് മാസം ഗർഭിണിയായിരുന്ന ബിൽക്കീസ് ബാനു കൂട്ടബലാത്സംഗത്തിന് ഇരയായത്. മൂന്ന് വയസുള്ള മകൾ ഉൾപ്പെടെ ഏഴ് കുടുംബാംഗങ്ങളെയും ബലാത്സംഗം ചെയ്‌തവർ കൊലപ്പെടുത്തിയിരുന്നു.