ന്യൂഡൽഹി: വിമുക്ത ഭടന്മാർക്കുള്ള വൺ റാങ്ക് വൺ പെൻഷൻ കുടിശ്ശിക നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സമർപ്പിച്ച മുദ്രവച്ച കവർ സുപ്രീംകോടതി സ്വീകരിച്ചില്ല. സുപ്രീംകോടതിയിലെ സീൽഡ് കവർ സമ്പ്രദായം അവസാനിപ്പിക്കണമെന്നും ഇത് നീതിയുടെ അടിസ്ഥാന പ്രക്രിയയ്‌ക്ക് വിരുദ്ധമാണെന്നും സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
സീൽ ചെയ്‌ത കവറുകളോട് തനിക്ക് വ്യക്തിപരമായി എതിർപ്പ് ഉണ്ടെന്നും കോടതിയിൽ വേണ്ടത് സുതാര്യതയാണെന്നും ഇത് ഉത്തരവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കേസാണെന്നും ഇതിൽ എന്താണ് രഹസ്യമാക്കാനുള്ളതെന്നും ചീഫ് ജസ്‌റ്റിസ് ആരാഞ്ഞു. ഒആർഒപി കുടിശ്ശിക അടയ്‌ക്കുന്നതുമായി ബന്ധപ്പെട്ട ഇന്ത്യൻ എക്‌സ് സർവീസ്‌മെൻ മൂവ്‌മെന്‍റിന്‍റെ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതി പരാമർശം. നാല് ഗഡുക്കളായി ഒആർഒപി കുടുശിക നൽകാനുള്ള സർക്കാരിന്‍റെ ഏകപക്ഷീയ തീരുമാനം മാർച്ച് 13ന് സുപ്രീം കോടതി വിമർശിച്ചിരുന്നു.
അടുത്തിടെ 2019 - 2022 വർഷങ്ങളിലെ വിമുക്തഭടന്മാർക്ക് നൽകാനുള്ള 28,000 കോടി രൂപയുടെ കുടിശ്ശിക നൽകുന്നതിന് സമയക്രമം കാണിച്ചുകൊണ്ടുള്ള സത്യവാങ്മൂലം പ്രതിരോധ മന്ത്രാലയം സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്നു. അതേസമയം സായുധ സേനയിലെ അർഹരായ പെൻഷൻകാർക്ക് വൺ റാങ്ക് വൺ പെൻഷൻ സ്‌കീം പ്രകാരം കുടിശിക നൽകേണ്ടതിനെ കുറിച്ചുള്ള സമഗ്രമായ വിശദീകരണം നൽകാൻ കേന്ദ്രത്തോട് സുപ്രീംകോടതി നേരത്തെ ആവശ്യപ്പെടുകയും ചെയ്‌തു. കുടിശ്ശിക ഗഡുക്കളായി കൊടുത്തു തീർക്കാമെന്ന പ്രതിരോധ മന്ത്രാലയത്തിന്‍റെ തീരുമാനം പിൻവലിക്കണമെന്നും സുപ്രീംകോടതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.