ന്യൂഡല്‍ഹി: പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ പേരിനെ ചൊല്ലിയുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. പ്രതിപക്ഷ സഖ്യത്തിന്‍റെ ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റ് ഇൻക്ലൂസീവ് അലയൻസ് എന്ന് പേരിന്‍റെ ചുരുക്കെഴുത്തായ ഐഎന്‍ഡിഐഎ ഉപയോഗിക്കുന്നതില്‍ നിന്ന് 26 പ്രതിപക്ഷ പാര്‍ട്ടികളെ വിലക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയാണ് കോടതി പരിഗണിക്കാന്‍ വിസമ്മതിച്ചത്.
കോടതിയില്‍ കണ്ടത്: തങ്ങള്‍ ദേശീയവാദികളാണെന്ന് കാണിക്കാനുള്ള മത്സരമാണ് ഇതെന്ന് ഹര്‍ജിക്കാരനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രോഹിത് ഖേരിവാൾ വാദിച്ചു. നടന്നുകൊണ്ടിരിക്കുന്ന മത്സരത്തെ ജുഡീഷ്യറിക്ക് എങ്ങനെ തടുക്കാനാവുമെന്ന് ജസ്‌റ്റിസ് എസ്.കെ കൗള്‍ അധ്യക്ഷനായ ബഞ്ച് ഇദ്ദേഹത്തോട് തിരിച്ചുചോദിച്ചു. തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, ഹർജിക്കാരൻ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കണമെന്നും ജസ്‌റ്റിസ് സുധാൻഷു ധൂലിയ ഉൾപ്പെട്ട ബഞ്ച് പറഞ്ഞു. പ്രശസ്‌തിക്ക് വേണ്ടി മാത്രമാണ് ഹര്‍ജി നല്‍കിയിട്ടുള്ളതെന്നും മറ്റൊന്നിനും വേണ്ടിയല്ലെന്നും ബഞ്ച് അറിയിച്ചു.
ഈ സമയം രാഷ്‌ട്രീയ പാര്‍ട്ടിക്ക് ഇന്ത്യ എന്ന് ചുരുക്കപ്പേര് ഉപയോഗിക്കുന്നത് മാനദണ്ഡങ്ങള്‍ക്കും ധാര്‍മികതയ്‌ക്കും എതിരാണെന്നും പരാതിക്കാരന്‍റെ അഭിഭാഷകനായ രോഹിത് ഖേരിവാൾ പറഞ്ഞു. എന്നാല്‍ തങ്ങള്‍ രാഷ്‌ട്രീയത്തിലെ ധാര്‍മികത നിശ്ചയിക്കാന്‍ പോവുന്നില്ലെന്ന് ബഞ്ച് മറുപടി നല്‍കി. ഡല്‍ഹി ഹൈക്കോടതിയിലും സമാനമായ ഹര്‍ജി ഫയല്‍ ചെയ്‌തിട്ടുണ്ടെന്നും ഇതിന്മേല്‍ നോട്ടിസ് നല്‍കിയിട്ടുണ്ടെന്നും കോടതി അറിയിച്ചു. ഇതോടെ പരാതിക്കാരന്‍റെ അഭിഭാഷകന്‍ ഹര്‍ജി പിന്‍വലിക്കാന്‍ സമ്മതിക്കുകയായിരുന്നു.
അതേസമയം പ്രതിപക്ഷ മുന്നണിക്ക് ഇന്ത്യ എന്ന് പേരിട്ട സംഭവത്തിൽ കോൺഗ്രസടക്കം 26 പാര്‍ട്ടികള്‍ക്ക് ഡൽഹി ഹൈക്കോടതി അടുത്തിടെ നോട്ടിസ് അയച്ചിരുന്നു. കേന്ദ്രസർക്കാരും തെരഞ്ഞെടുപ്പ് കമ്മിഷനും വിഷയത്തിൽ അഭിപ്രായം അറിയിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ, ജസ്റ്റിസ് അമിത് മഹാജൻ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതായിരുന്നു ഈ ഉത്തരവ്. ഇന്ത്യ എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ കമ്മിഷന് നൽകിയ നിവേദനത്തിൽ നടപടി എടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി ഗിരീശ് ഭരദ്വാജ് എന്നയാള്‍ ഹൈക്കോടതിയിൽ സമർപ്പിച്ച പൊതു താത്പര്യ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി.
പരാതി മുമ്പും: പ്രതിപക്ഷ മഹാസഖ്യത്തിന് ഇന്ത്യ എന്ന പേരിട്ടത് ചോദ്യം ചെയ്‌ത് ഡോ. അവിനീഷ് മിശ്ര എന്നയാളും പരാതിയുമായി മുമ്പ് രംഗത്തെത്തിയിരുന്നു. 26 പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെയായിരുന്നു ഇയാള്‍ പരാതി ഉന്നയിച്ചത്. ഇത് ഉന്നയിച്ച് ഡല്‍ഹിയിലെ ബരാഖംബ പൊലീസ് സ്‌റ്റേഷനില്‍ ഇയാള്‍ പരാതിയും നല്‍കിയിരുന്നു.
തെരഞ്ഞെടുപ്പിൽ അനാവശ്യ സ്വാധീനത്തിനും വ്യക്തിത്വ രൂപീകരണത്തിനും വേണ്ടി ഇന്ത്യ എന്ന പേര് ഉപയോഗിച്ചുവെന്നും ഈ പാര്‍ട്ടികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നുമായിരുന്നു പരാതിക്കാരന്‍റെ ആവശ്യം. സഖ്യത്തിന് ഇന്ത്യ എന്ന പേരിട്ടതിലൂടെ എല്ലാ ഇന്ത്യക്കാരുടെയും വികാരത്തെ വ്രണപ്പെടുത്തിയെന്നും ഇയാള്‍ പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.