ന്യൂഡല്‍ഹി: ബലിപെരുന്നാള്‍ പ്രമാണിച്ച് ലോക്ക് ഡൗണില്‍ ഇളവ് നല്‍കിയതിന് കേരള സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. കടുത്ത ആശങ്കയുണ്ടാക്കുന്ന തീരുമാനമാണെന്ന് പറഞ്ഞ കോടതി, കൊവിഡ് തീവ്ര വ്യാപന മേഖലയായ ഡി കാറ്റഗറിയിലെ സ്ഥലങ്ങള്‍ക്ക് എന്തിന് ഇളവ് നല്‍കിയെന്നും ചോദിച്ചു.
ഇളവുകള്‍ സംബന്ധിച്ച പരാതി നേരത്തെ ലഭിച്ചിരുന്നുവെങ്കില്‍ ഇളവ് നൽകാൻ അനുവദിക്കില്ലായിരുന്നുവെന്നും കോടതി പറഞ്ഞു. കേരള ഭരണഘടന അനുസരിക്കണം. കൻവാർ കേസില്‍ പറഞ്ഞതൊക്കെ കേരളത്തിനും ബാധകമാണെന്നും കോടതി വ്യക്തമാക്കി.
അവശ്യവസ്‌തുകള്‍ വില്‍ക്കാത്ത കടകള്‍ പോലും തുറന്നു. ഇത് അംഗീകരിക്കാൻ പറ്റില്ല. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനെതിരെ നില്‍ക്കാൻ കേരളത്തിന് അവകാശമില്ലെന്നും കോടതി പറഞ്ഞു. ജനങ്ങളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കാത്ത ദയനീയ സ്ഥിതിയാണ് നിലവിലുള്ളതെന്നും സുപ്രീം കോടതി പറഞ്ഞു.